കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി. നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. മത്സരരംഗത്തേയ്‌ക്ക് എൻഡിഎയും എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാകും പുതുപ്പളളി വേദിയാകുക.
2019ൽ എൻ ഹരിയായിരുന്നു പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത്. അന്ന് 11694 വോട്ടുകളായിരുന്നു സ്ഥാനാർത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കളത്തിൽ സജീവമായി ഇടത്-വലത് മുന്നണികളുടെ ഇരട്ടതാപ്പ് തുറന്ന് കാട്ടി പുതുപ്പളളിയുടെ വികസനം ചർച്ചചെയ്തുളള പ്രചരണമാകും എൻഡിഎ മുന്നോട്ട് വയ്‌ക്കുക.
യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുളള വ്യക്തിയാണ് ലിജിൻ ലാൽ. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ലിജിൻ ലാൽ മരങ്ങാട്ടുപ്പിളളി സ്വദേശിയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കടുത്തുരുത്തി നിയോജകമണ്ഡലം സ്ഥാനാർത്ഥിയായിരുന്നു ലിജിൻ ലാൽ.
Comments