ഇന്ത്യ സ്വതന്ത്രയായതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓരോ മേഖലയിലും രാജ്യം സ്വാതന്ത്ര്യം കൈവരിച്ച് കൊണ്ടിരിക്കുകയാണ്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച സ്വാതന്ത്ര്യം. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ രാജ്യം പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമാണ് സർക്കാർ മുൻഗണന നൽകിയത്. ഓട്ടോമേഷൻ, ബിഗ് ഡാറ്റ, ബ്ലോക്ക്ചെയിൻ, ഡിസ്ട്രിബ്യൂട്ടഡ് ആർക്കിടെക്ചർ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) എന്നിവയാണ് സാങ്കേതികവിദ്യലുണ്ടായ പ്രധാന ചലനങ്ങൾ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇന്ത്യയുടെ സാങ്കേതിക മേഖല 15.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഉയർന്ന വളർച്ചയാണ് അമൃതകാലാരംഭത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഈ കാലയളവിൽ 227 ബില്യൺ ഡോളർ,ഏകദേശം 18,89,700 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ആരംഭിച്ച ഡിജിറ്റൽ ഇന്ത്യക്ക് കീഴിൽ ആപ്പിൾ പോലുള്ള വിദേശ കമ്പനികൾ പോലും ഇന്ത്യയിൽ തഴച്ചുവളരുന്നു. ചൈനയിൽ നിന്ന് ഉത്പാദന കേന്ദ്രം ഇന്ത്യയിലേക്ക് പറിച്ചുനട്ടു, ആപ്പിൾ സ്റ്റോറുകൾ തുറന്നു. ലോകമെമ്പാടുമുള്ള സാങ്കേതിക തടസങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പ്രാപ്തരായ 2.6 ദശലക്ഷം സോഫ്റ്റ്വെയർ ഡെവലപ്പർമാരെയാണ് ഇന്ത്യ ഓരോ വർഷവും ലോകത്തിന് നൽകുന്നത്. അത്രമാത്രം കാര്യപ്രാപ്തി കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.
ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ രാജ്യം കൈവരിച്ച നാഴികക്കല്ലുകൾ..
1) രാജ്യത്ത് 5ജി നെറ്റ്വർക്ക് നടപ്പിലാക്കിയതിന് പിന്നാലെ വമ്പൻ വളർച്ചയാണ് രാജ്യം കാഴ്ചവെച്ചത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികളാണ് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ വിപ്ലവം സൃഷ്ടിക്കുന്നത്. രാജ്യത്ത് 5ജി നെറ്റ്വർക്ക് സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കുന്നതിന് എറിക്സൺ , നോക്കിയ , സാംസങ് എന്നിവയുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
2) ബഹിരാകാശ മേഖലയിൽ അനുദിനം കുതിപ്പാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രനിലേക്കുള്ള രാജ്യത്തിന്റെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചതും സൂര്യന്റെ അകത്തളങ്ങളിലേക്ക് പോകാനൊരുങ്ങുന്ന ആദിത്യ എൽ1-ഉം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പദ്ധതിയും ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ കുതിപ്പിനെ സൂചിപ്പിക്കുന്നു.
3) നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഎ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവെപ്പായി കണക്കാക്കുന്നു. 300 ദശലക്ഷത്തിലധികം പേരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. തത്സമയം ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ സംവിധാനവും ചില്ലറ വ്യാപരികൾക്ക് പോലും ഓൺലൈൻ സൗകര്യവും സുപിഐയ്ക്ക് കീഴിൽ ലഭ്യമായി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ഇ-രൂപയുടെ ഉപയോഗവും റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ട്.
4) കൊറോണ മഹാമാരി കാലത്ത് ഓൺലൈൻ സംവിധാനത്തിൽ ദീർഘദൂര പഠനം സാധ്യമാക്കി. ഓൺലൈൻ ആപ്പുകളും പ്രാക്ടീസ് ടെസ്റ്റുകളും വിദ്യാർത്ഥികളെ സഹായിക്കാനുണ്ട്. ലോക്ക്ഡൗണുകൾക്കിടയിൽ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഇത്തരം ഓൺലൈൻ ആപ്പുകൾ സഹായിച്ചത്. ഇതുവഴി 2022-ൽ 4.3 ബില്യൺ ഡോളർ (ഏകദേശം 35,726 കോടി രൂപ) വരുമാനം ലഭിച്ചു. 2017-നും 2022-നും ഇടയിൽ 16.8 ശതമാനം വളർച്ച നേടി.
5) സ്വകാര്യതയ്ക്കുള്ള അവകാശം രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലികാവകാശമാണെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പേഴ്സണൽ ഡാറ്റ് പ്രൊട്ടക്ഷൻ ബിൽ 2023 ബിൽ അവതരിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കുപ്പെടുന്ന നിയമമാണിത്.
6) ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്തി, തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനുകൾക്ക് മുൻഗണ നൽകി. 2022 മാർച്ച് വരെയുള്ള കണക്കുകൾ പ്രാകരം ഇന്ത്യൻ ഡെവലപ്പർമാർ 1,50,000-ലധികം ആപ്പുകളാണ് നിർമ്മിച്ചത്. ഇവ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലുമ ലഭ്യമാണ്. നിലവിൽ സോഷ്യൽ നെറ്റ്വർക്കിംഗ്, വാർത്തകൾ, യാത്രകൾ, ഷോപ്പിംഗ്, ലൈഫ്സ്റ്റൈൽ, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ നിരവധി ഹോംഗ്രൗൺ ആപ്പുകൾ ഇന്ത്യയിൽ ലഭ്യമാണ്.
7) ആരോഗ്യമേഖലയിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. നിരവധി ഫിറ്റ്നസ് ട്രാക്കറുകറുകളും പരിശോധന ഉപകരണങ്ങളുമാണ് ഇന്ത്യയിൽ ആശുപത്രികളും രോഗികളും ഉപയോഗിക്കുന്നത്. ഫിറ്റ്നസ് ലെവലുകൾ നിരീക്ഷിക്കാനും കൃത്യമായ ഇടവേളകളിൽ റിമൈൻഡറുകൾ ഉപയോഗിച്ച് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും, ഷുഗർ ലെവൽ നേക്കാനും രക്തസമ്മർദ്ദം നിരീക്ഷിക്കാനും ഇവ സഹായിക്കുന്നു.
ഈ ബാൻഡുകളിൽ പലതും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടവയാണ്. ആഭ്യന്തര ആരോഗ്യ സംരക്ഷണ വിപണി 2025-ഓടെ 1.26 ബില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷ. 2020-ൽ ഇത് 310.4 മില്യൺ ഡോളറായിരുന്നു. മേഘാലയ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിനുകൾ, ആന്റി-മെഡിക്കൽ സപ്ലൈസ് തുടങ്ങിയവ വേഗത്തിലെത്തിക്കാനായി ഡ്രോണുകൾ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട് .
ഇന്ത്യക്ക് സ്വന്തമായി സെർച്ച് എൻജിൻ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐടി മന്ത്രാലയം. ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചീനിയറുമാരുടെ നേതൃത്വത്തിലാകും ഇവ വികസിപ്പിക്കുക.















