നെല്ലിക്ക എന്ന് കേൾക്കുമ്പോൾ കയ്പ്പും ചവർപ്പുമൊക്കെയാകും ഓർമ്മ വരികയല്ലേ. ആദ്യം കയ്‌ക്കും പിന്നീട് മധുരിക്കും എന്ന് പറയുമ്പോലെ തന്നെയാണ് ഇവയുടെ ആരോഗ്യഗുണങ്ങൾ. വിറ്റാമിൻ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആൻറി ഓക്‌സിഡൻറുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെയും ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും വളരെയധികം ഉപയോഗപ്രദമാണ് നെല്ലിക്ക.
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് വളരെ ഗുണം ചെയ്യുമെന്നാണ് പറയുന്നത്. എന്നാൽ പലർക്കും ഇതിനോട് മടിയാണ്. ജ്യൂസായോ ഉപ്പിലിട്ടതോ ഒക്കെ കഴിക്കുമെങ്കിലും ചവർപ്പും കയ്പ്പുമൊക്കെ ഒരു പടി പിന്നോട്ടടിപ്പിക്കുന്നു. എന്നാൽ നെല്ലിക്ക അച്ചാർ പരിക്ഷിച്ചോളൂ, അതും കയ്പ്പില്ലാത്ത, കാലങ്ങളോളം സൂക്ഷിച്ച് വെയ്‌ക്കാവുന്ന നെല്ലിക്കാ അച്ചാർ. വറുത്ത നെല്ലിക്ക അച്ചാർ തയ്യാറാക്കുന്ന വിധമിതാ…
ചേരുവകൾ
1. നെല്ലിക്ക- 1/2 കിലോഗ്രാം
2. നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
3. കായപ്പൊടി – 1/2 ടേബിൾ സ്പൂൺ
4. ഉലുവാപ്പൊടി – 1 ടേബിൾ സ്പൂൺ
5. മുളകുപൊടി – 2 ടേബിൾ സ്പൂൺ
6. മുളകുപൊടി – 1 ടേബിൾ സ്പൂൺ
7.ഉപ്പ് – ആവശ്യത്തിന്
8. വിനാഗിരി ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി തുടച്ചു ഒട്ടും വെള്ളം ഇല്ലാതെ മാറ്റി വയ്‌ക്കുക. ഒരു പരന്ന പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി നെല്ലിക്ക ഇട്ട് നല്ല ചുവന്ന കളർ ആകുന്ന വരെ മീഡിയം തീയിൽ വച്ചു വറക്കുക. നെല്ലിക്ക നന്നായി ചുങ്ങി നല്ല ചുവന്ന കളറായാൽ ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി വറക്കുക. അതിലേക്ക് കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്തിളക്കുക. തീ അണച്ച ശേഷം മുളകുപൊടിയും ചേർത്തിളക്കുക. നന്നായി ചൂടാറിയ ശേഷം ഒട്ടും വെള്ളം നനവില്ലാത്ത വായു കടക്കാത്ത പാത്രത്തിൽ അടച്ചു കേടുവരാതെ സൂക്ഷിക്കാം. ആവശ്യമെങ്കിൽ അൽപം വിനാഗിരിയും ചേർക്കാവുന്നതാണ്.
Comments