കോട്ടയം: പുതുപ്പള്ളിയിൽ രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായി ഐക്യമുന്നണി ഒരു വശത്തും ദേശീയ ജനാധിപത്യം മറുവശത്തും നിന്ന് ഏറ്റമുട്ടുകയാണ്. പിണറായി ഐക്യമുന്നണിയിൽ രണ്ട് സ്ഥാനാർത്ഥികളുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ലിജിൻ ലാലും പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുന്നു. പിണറായി ഐക്യമുന്നണിയിലെ രണ്ട് സ്ഥാനാർത്ഥികളും അവരുടെ പാർട്ടികളും ആശയപരമായി യോജിപ്പിലാണെന്ന് തെളിയിച്ചുവെന്ന് വി. മുരളീധരൻ പറഞ്ഞു.
കള്ളപ്പണ ഇടപാടുകൾ മറച്ചു പിടിക്കുന്നതിൽ ആണെങ്കിലും അഴിമതി മൂടിവെയ്‌ക്കുന്ന കാര്യത്തിലാണെങ്കിലും വിശ്വാസികളെ അവഹേളിക്കുന്ന കാര്യത്തിലാണെങ്കിലും ഇരു പാർട്ടികളും ഒറ്റക്കെട്ടാണ്. അതിനെതിരായിട്ടാണ് ബിജെപിയുടെ കാഴ്ചപ്പാട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ അവർ രണ്ട് പേർ സൗഹൃദ മത്സരം നടത്തുന്നു, ഞങ്ങൾ അവർ രണ്ടു പേരെയും ഒരുമിച്ച് എതിർക്കുന്നു. മാസപ്പടി വിവാദം ആദ്യം ഉന്നയിച്ചത് ബിജെപിയും എൻഡിഎയുമാണ്. വിവാദം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്ന് പറയാൻ വി.ഡി സതീശൻ ഒരാഴ്ച സമയമെടുക്കേണ്ടി വന്നു.
നിയമസഭയിൽ എന്തുക്കൊണ്ട് മാസപ്പടി വിവാദം ഉന്നയിച്ചില്ല. പിണറായി വിജയന്റെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കന്മാർക്കില്ല. യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയത് ഈ പ്രശ്‌നത്തിൽ രണ്ട് കൂട്ടർക്കും ഒളിച്ചു വെയ്‌ക്കാൻ ഉള്ളതുകൊണ്ടാണ്. ഹൈന്ദവ സമൂഹത്തോട് സ്പീക്കർ മാപ്പ് പറയാത്ത വിഷയത്തിൽ എന്താണ് കോൺഗ്രസ് മിണ്ടാത്തത്. ആരെയാണ് അവർ ഭയക്കുന്നത്. ഇവർ രണ്ട് പേരും ഒരേ ഐക്യമുന്നണിയുടെ രണ്ട് സ്ഥാനാർത്ഥികളാണ്- വി.മുരളീധരൻ പറഞ്ഞു.
Comments