ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ടെലിവിഷൻ സീരിയലുകളിലും നിറഞ്ഞ് നിന്ന നടിയാണ് കല്യാണി. ബാല താരമായി മുന്നൂറിലധികം പരസ്യ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. മുല്ലവള്ളിയും തേന്‍മാവും, പരുന്ത് എന്ന ചിത്രങ്ങളിലൂടെയാണ് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ ഇളംപുയര്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. 2013 ല്‍ രോഹിത്തിനെ വിവാഹം കഴിച്ചു ഇപ്പോൾ അവതാരക എന്ന നിലയിൽ സജീവമായി തുടരുന്നതിനിടെ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
നട്ടെല്ലിനു ശസ്ത്രക്രിയ നടത്തിയതിനു ശേഷമുള്ള തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവെച്ചപ്പോൾ തെറ്റായ വാർത്തകൾ വരാൻ തുടങ്ങിയതോടെയാണ് കല്യാണി യഥാർത്ഥ അവസ്ഥ വിവരിച്ച് രംഗത്തെത്തിയത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘കഴിഞ്ഞ ഒന്നര മാസം വൈകാരികവും ശാരാരീകവുമായി തളര്‍ന്നു പോയിരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അടിയിലായിരുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ച് ചുരുക്കിപ്പറയാം. 2016 ല്‍ എന്റെ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തി. കുറച്ച് കാലത്തേക്ക് എല്ലാം ഓക്കെയായിരുന്നു. ഈ സമയത്താണ് ഞാന്‍ നവ്യയ്‌ക്ക് ജന്മം നല്‍കുന്നത്. കഴിഞ്ഞ ആറ് മാസമായി വീണ്ടും നടുവേദനയെടുക്കാന്‍ തുടങ്ങി. സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റിനെ കാണിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ് കേട്ടത്.
എന്റെ മുന്‍ സര്‍ജറി പൂര്‍ണമായും ഗുണപ്പെട്ടിരുന്നില്ല. ഒരു സര്‍ജറി കൂടി നടത്തണമെന്നും മുമ്പത്തെ സര്‍ജറിയില്‍ ഘടിപ്പിച്ച സ്‌ക്രൂകളും പ്ലേറ്റുകളും നീക്കം ചെയ്യുകയും പുതിയ അസ്ഥി കൃത്രിമമായി സ്ഥാപിക്കുകയും ചെയ്യണം. ഇത്തവണ രോഗമുക്തി നേടിയെടുക്കാന്‍ കാലതാമസമെടുക്കും. പക്ഷെ ഡോക്ടര്‍മാരുടെ സംഘത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ വേദനയിലുടനീളം എന്റെ കരം പിടിച്ച് കൂടെ നിന്ന രോഹിത്തിനും നന്ദി. ഈ സമയം എന്നെ ഏറ്റവും നല്ല രീതിയില്‍ പരിചരിച്ചത് എന്റെ അഞ്ച് വയസുള്ള മകള്‍ നവ്യയയാണ്.
അവള്‍ എന്നോട് കാണിച്ച അനുകമ്പയും ദയയും എനിക്ക് വിശ്വസിക്കാനാകുന്നില്ല. എനിക്ക് മുന്നിലുള്ളത് ദൂരമേറിയ യാത്രയാണ്. പക്ഷെ എന്റെ കുടുംബം കൂടെയുള്ളതിന്റെ പ്രതീക്ഷയും കടപ്പാടും എനിക്കുണ്ട്. ഇനിയൊരിക്കലും എന്റെ ശരീരത്തെ അവഗണിക്കില്ല. മറ്റൊന്ന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ വിശ്വസിക്കരുത്. അവര്‍ തെറ്റായ സന്ദേശം പ്രചരിക്കുകയാണ്. സര്‍ജറിയ്‌ക്ക് ശേഷം മാനിസികാരോഗ്യത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.’- എന്നായിരുന്നു കല്യാണി കുറിച്ചത്.















