ശ്രീ മഹാ ഗണപതിയുടെ പലതരത്തിലുള്ള രൂപങ്ങളും അധിവാസങ്ങളും നാം കണ്ടിട്ടുണ്ട്. ചിത്രത്തിൽ ഗണപതി , ഒക്കത്ത് ഗണപതി എന്നിവയൊക്കെ പ്രസിദ്ധങ്ങളാണ് . എന്നാൽ അത്യന്തം വിശേഷമായ ഒരു ഗണപതി പ്രതിഷ്ഠയാണ് കോട്ടയം ജില്ലയിലെ മണ്ണാക്കനാട് ദേശത്തെ ചിറയിൽ മഹാഗണപതി ക്ഷേത്രത്തിലേത്.ഒരു കുളത്തിന്റെ തീരത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ അപൂർവങ്ങളിൽ അപൂർവമായ വിഘ്‌നേശ്വര ക്ഷേത്രമാണു മണ്ണക്കനാട് ജലാധിവാസ ഗണപതി ക്ഷേത്രം. കേരളത്തിലെ ഏക ജലാധിവാസ ഗണപതി ക്ഷേത്രമാണിത്. പത്തു കൈകളോട് കൂടിയ മഹാഗണപതിസങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. എപ്പോഴും പ്രസന്ന വദനനായ, ജലക്രീഡയിൽ മുഴുകി ഇരിക്കുന്ന ഭഗവാൻ ക്ഷിപ്ര പ്രസാദിയാണ്. ഈ ക്ഷേത്രത്തിലെ ഗണപതി ഭഗവാൻ ക്ഷേത്രത്തോട് തൊട്ടു ചേർന്നു കാണുന്ന ചിറയിൽ (കുളത്തിൽ) വസിക്കുന്നതായാണ് സങ്കല്പ്പം, പ്രധാന പൂജാരി പ്രഭാതത്തിൽ ദേവചൈതന്യം ചിറയിൽ നിന്നും ബോംബത്തിലേക്ക് ആവാഹിക്കും . ചിറയിലെ വെള്ളത്തിൽ അധിവസിക്കുന്ന ഇവിടുത്തെ ഗണപതി ഭഗവാനു “കരിമുണ്ടൻ തേവർ” എന്നും പ്രത്യേക പേരുണ്ടു്. ഭഗവാന്റെ ആവാസ സ്ഥാനമായ ക്ഷേത്രക്കുളത്തിലെ ജലം പുണ്യതീർഥമാണ്.
ജലാധിവാസ ഗണപതിധ്യാന ശ്ലോകം
ബീജാപൂരഗദെക്ഷു കാർമ്മുക രുജാ ചക്രാബ്ജ പാശോൽപ്പല
വ്രീഹ്യഗ്രസ്വവിഷാണ രത്ന കലശ പ്രോദ്യത് കരാംഭോരുഹ:
ധ്യേയോ വല്ലഭയാ സപദ്മ കലയാ ശ്ലിഷ്ടോ ജ്വലത് ഭൂഷയ
വിശ്വോൽപ്പത്തി വിനാശസംസ്ഥിതി കരോ വിഘ്നോ വിശിഷ്ടാർത്ഥദ:
ഇവിടുത്തെ ഏറ്റവും വലിയ വഴിപാട് ഒറ്റയട നേദ്യമാണ്.ഇത് വിഘ്ന നിവാരണത്തിന് വളരെ ഫലപ്രദമാണെന്നാണ് അനുഭവ സാക്ഷ്യം.അതിനാൽ ചതുർത്ഥി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഇവിടേക്കു ഭഗവൽ ദർശനത്തിനും വഴിപാടു സമർപ്പണത്തിനുമായി എത്തിച്ചേരുന്നത്. എത്തുന്ന എല്ലാവർക്കും കാര്യസാധ്യമെന്ന സാക്ഷ്യപത്രവുമുണ്ട്. സമീപത്തുള്ള വളരെ പ്രസിദ്ധമായ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ ആറാട്ട് ഇവിടുത്തെ തീർത്ഥക്കുളത്തിലാണ് നടക്കുന്നത്.
ഐതിഹ്യം.
അതി പുരാതനമാണ് ഈ ക്ഷേത്രം.അതുകൊണ്ട് തന്നെ ഉദ്ഭവം സംബന്ധിച്ച് ഐതീഹ്യമാണ് ഉള്ളത്. മുൻപ് കൊടുംകാടായിരുന്ന ഇവിടെ മുനി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ ഗണപതിപ്രസാദത്തിനായി മഹായജ്ഞം നടന്നു. അന്ന് മുനി വര്യന്മാരാൽ ഹോമകുണ്ഡത്തിൽ ഗണപതി പ്രത്യക്ഷനായെന്നും പിന്നീടു ജലം നിറഞ്ഞഹോമകുണ്ഡം ചിറയായി മാറിയെന്നുമാണ് ഐതിഹ്യം. ആ ചിറയിലെ ഗണപതിസാന്നിദ്ധ്യമാണ് ജലധിവാസ ഗണപതിയായി മാറിയത്. മഹാമുനി ശ്രേഷ്ഠരാൽ നടത്തപ്പെട്ട മഹായജ്ഞമാകയാൽ സമസ്ത ദേവകളുടെയും സാന്നിദ്ധ്യവും അനുഗ്രഹവും ഈ പുണ്യ ദേശത്തിനു ലഭിച്ചു.
ഇവിടെ ഗണേശ ഉപാസന നടത്തിയിരുന്ന കരിഞ്ഞമ്പള്ളി സ്വരൂപത്തിലെ ബ്രാഹ്മണശ്രേഷ്ഠൻ ഏതാണ്ട് ഒരു സഹസ്രാബ്ദം മുൻപ് ചിറയുടെ കരയിൽ ക്ഷേത്രം നിർമ്മിച്ച് വിഗ്രഹപ്രതിഷ്ഠനടത്തുകയും പൂജാവിധാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു എന്നാണ് പഴമൊഴി. ഇവിടുത്തെ ഗണപതിയെ “കരിമുണ്ടൻതേവർ” എന്നറിയപ്പെടുന്നു. മഹാ ഗണപതിയുടെ മൂലസ്ഥാനം ഈ ചിറ തന്നെയാണ്. പ്രഭാതത്തിൽ ദേവചൈതന്യം ചിറയിൽ നിന്നും ബിംബത്തിലേക്ക് ആവാഹിക്കുകയും അത്താഴപ്പൂജ കഴിഞ്ഞു ചിറയിലേക്ക് ഉദ്വസിക്കുകയും ചെയ്യുന്നു. അഭിഷേകത്തിനും നൈവേദ്യത്തിനും ഒക്കെ ഈ ചിറയിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. ക്ഷേത്രത്തിന്റെ മതിലോട് ചേർന്നാണ് ചിറ. അതുകൊണ്ട് പൂർണ്ണ ക്ഷേത്ര പ്രദക്ഷിണം ചിറചുറ്റിയാണ് നടത്തേണ്ടത്. ദേവനെ പ്രദക്ഷിണം വച്ചതിന് ശേഷം ഭക്തർ കുളവും (ചിറ) കൂട്ടിച്ചേർക്കേണ്ടതാണ്. ഈചിറയും ജലവും ദൈവീകമായതിനാൽ ഇതിൽ ആരും കുളിക്കാറില്ല.
കാലങ്ങൾക്കു മുൻപ് ഏതോ ഒരു പടയോട്ടക്കാലത്ത് ചമ്രവട്ടത്തു നിന്നും ഇവിടേക്ക് എത്തിച്ചേർന്ന ഇപ്പോഴത്തെ ക്ഷേത്ര ഉടമസ്ഥർ ചമ്രവട്ടത്ത് ശാസ്താവിനെയും രക്ഷസ്സിനെയും പ്രതിഷ്ഠിച്ചു. പ്രസിദ്ധമായ കുറിച്ചിത്താനം പൂത്രുക്കോവിലപ്പന്റെ ആറാട്ട് ഈ പുണ്യ തീർത്ഥത്തിൽ ആണ്. ചിറയിൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ മാറി മറ്റൊരു ഭദ്രകാളീ ക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ അധീനതയിലുണ്ട്. മണ്ണക്കനാട് കാവിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും, ജലാധിവാസ ഗണപതി ക്ഷേത്രവും ചലച്ചിത്ര നടൻ ബാബു നമ്പൂതിരി അംഗമായ കാഞ്ഞിരക്കാട്ടു മനയുടെയും ശാഖകളുടെയും ഉടമസ്ഥതതയിലാണ് നടത്തപ്പെടുന്നത്. ഈ ക്ഷേത്രത്തിനും അതിന്റെ ഊരാണ്മക്കാർക്കും ശുകപുരം ഗ്രാമവുമായിട്ടും ബന്ധമുണ്ട്.
പ്രധാനപ്പെട്ട ആട്ടവിശേഷങ്ങൾ
വിനായക ചതുർഥി, കന്നിമാസ ചതുർഥി എന്നിവ കൂടാതെ എല്ലാ മലയാളമാസത്തിലെയും വെളുത്ത പക്ഷത്തിലെ ചതുർഥിദിനങ്ങൾ ഇവിടെ വിശേഷമാണ്. ധാരാളം ആളുകളാണ് അന്ന് ഒറ്റയട നിവേദിക്കാൻ ഇവിടെ എത്തിച്ചേരുന്നത്. കറുത്ത പക്ഷത്തിലെ ചതുർത്ഥി ദിനത്തിൽ ഒറ്റയട നിവേദിക്കാറില്ല. എല്ലാവർഷവും മീനം 5 കലശ ദിനമാണ്.
വളരെ വൈശിഷ്ട്യമുള്ള പ്രത്യേക വഴിപാടുകൾ ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിൽ ഏറ്റവും പ്രധാനം ഒറ്റയട നേദ്യമാണ്. കരിമുണ്ടൻ തേവർക്ക് ഒറ്റയട നേദ്യം നൽകിയാൽ നടക്കാത്ത കാര്യമില്ലെന്നാണ് ഭക്തർ പറയുന്നത്. നാഴി അരിപ്പൊടി (ഏകദേശം 225 ഗ്രാം അരിപ്പൊടി) , ഒരു നാളികേരം, നാലുപലം ശർക്കര(ഏകദേശം 225 ഗ്രാം) എന്നിവ ഒരുതൂശനിലയിൽ ആവിയിൽ പ്രത്യേകമായി തയാറാക്കുന്നതാണ് ഒറ്റയട നേദ്യം. ഇത് അതീവ സ്വാദിഷ്ടമാണ്.
ഷോഡശദ്രവ്യഗണപതിഹോമം എന്ന വിശേഷാൽ പൂജയോടു കൂടി പതിനാറു ദ്രവ്യങ്ങൾകൊണ്ടു നടത്തുന്ന മഹാഗണപതിഹോമം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. 1008 കുടം അഭിഷേകം, 108 കുടം അഭിഷേകം, അഷ്ടദ്രവ്യഗണപതിഹോമം,കറുകഹോമം, ഉദയാസ്തമന പൂജ, എന്നിവയും വിശേഷമാണ്.
പത്തു കൈകളോടു കൂടി ഭക്തർക്കു അനുഗ്രഹവർഷം ചൊരിയുന്ന ജലാധിവാസനായ മഹാഗണപതി പ്രതിഷ്ഠ കൊണ്ട് ധന്യമായഈ ക്ഷേത്രത്തിലും അതിന്റെ ചുറ്റുപാടുകളിലും സവിശേഷമായ ഒരു ദൈവീക പരിവേഷം തുടിച്ചു നിൽക്കുന്നുണ്ട്. ഗ്രാമീണത തുളുമ്പി നിൽക്കുന്ന പ്രകൃതിയുടെ വശ്യ സൗന്ദര്യവും നാട്ടിൻപുറത്തിന്റെ മൃദുല ഭാവങ്ങളും ഇവിടുത്തെ അന്തരീക്ഷത്തെ ഏറെ മനോഹരവും ദൈവീകവുമാക്കുന്നു.
കോട്ടയം ജില്ലയിൽ കുറവിലങ്ങാട് കോഴ ജംക്ഷൻ പാലാ റോഡിൽ മണ്ണാക്കനാട് സ്‌കൂൾ ജംക്ഷനിൽ നിന്നും കുറിച്ചിത്താനം റോഡിലേക്ക് തിരിഞ്ഞു ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്താം.
കർണ്ണാടകയിലെ ഗുഡ്ഡട്ടു ജലാധിവാസ ഗണപതി ക്ഷേത്രം ഇത്തരത്തിലുള്ള സവിശേഷമായ ഗണപതി ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രം ഒരു ഗ്രാനൈറ്റ് പാറയുടെ ചുവട്ടിൽ ഒരു ഗുഹയിലാണ്, അവിടെ “സ്വയംഭൂ” ഗണപതി ആരൂഢമായിരിക്കുന്നു . ഗണപതി വിഗ്രഹത്തെ കഴുത്തോളം മുക്കിക്കളയുന്ന വെള്ളത്താൽ ഗുഹ എപ്പോഴും നിറഞ്ഞിരിക്കും. ഏകദേശം 3 അടി ഉയരമുള്ള ഗണപതിയുടെ വിഗ്രഹം കറുത്ത ശിലാ ശിൽപത്തിലാണ്. കർണാടകയിലെ ഉഡുപ്പി ഭാഗത്ത് നിന്ന് വരുന്നവർക്ക് ഉഡുപ്പിയിൽ നിന്ന് ഭ്രമവര- ബാർക്കൂർ വഴി 35 കിലോമീറ്ററും കുന്ദാപൂരത്തു നിന്ന് വരുന്നവർക്ക് കോട്ടേശ്വര വഴി 15 കിലോമീറ്ററും ശങ്കരനാരായണവിയ ഹാലാഡി, ബിഡ്കൽക്കട്ട- ഷിറിയയിൽ നിന്ന് 10 കിലോമീറ്ററും ദൂരത്താണ് ഈ ക്ഷേത്രം.
(ഫോട്ടോകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ലഭിച്ചതാണ് )
Comments