ശബരിമല: ശബരിമല ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഇന്നലെ രാത്രിയോടെയായിരുന്നു നടൻ സന്നിധാനത്ത് എത്തിയത്. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൈയ്യിൽ ചരട് ജപിച്ച് കെട്ടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ സുരാജ് വെഞ്ഞാറമ്മൂട് വിവാദത്തിലകപ്പെട്ട പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിന്റെ ‘കോമഡി ഉത്സവം’ എന്ന പരിപാടിക്കിടെ കൈയിൽ ചരട് കെട്ടിയെത്തിയ അവതാരക അശ്വതി ശ്രീകാന്തിനെ പരിഹസിച്ചതോടെയായിരുന്നു സുരാജിനെതിരെ വിമർശനമുയർന്നത്. ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ പ്രസ്തുത ഭാഗങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും സുരാജിനെതിരെ വൻ പ്രതിഷേധമുയരുകയും ചെയ്തു. ”ചില ആലിലൊക്കെ കാണുന്ന പോലെ കൈയ്യിൽ അനാവശ്യമായി ചരട് കെട്ടി വെച്ചേക്കുന്നു?” എന്നായിരുന്നു സുരാജ് പറഞ്ഞത്.
ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടനെതിരെ ഹിന്ദു ഐക്യവേദിയും പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ചരട് കെട്ടുന്നതിനെ പരസ്യമായി പരിഹസിച്ച നടൻ മാസങ്ങൾക്ക് ശേഷം സ്വന്തം കൈയ്യിൽ ചരട് കെട്ടിയതിന്റെ യുക്തിയാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നത്.
Comments