ന്യൂഡൽഹി: ബിജെപി വോട്ടർമാരെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും രാജ്യസഭ അംഗവുമായ രൺദീപ് സുർജേവാലയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ജനങ്ങളെ ‘രാക്ഷസന്മാർ’ എന്ന് വിളിക്കുന്നതിൽ നിന്നും കോൺഗ്രസിന്റെ മാനസികാവസ്ഥ മനസിലാക്കാം എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാതെ വരുമ്പോൾ കോൺഗ്രസ് ഇത്തരത്തിൽ ഇവിഎമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്താറുണ്ട്. ഇപ്പോഴിതാ കോൺഗ്രസ് നിരപാരാധികളെ രാക്ഷസർ എന്ന് വിളിച്ചു തുടങ്ങി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബിജെപിക്കാർ എല്ലാം രാക്ഷസന്മാരാണ്. ബിജെപിക്ക് വോട്ട് ചെയ്ത് അവരെ പിന്തുണയ്‌ക്കുന്നവരും രാക്ഷസന്മാരാണ്. ഇന്ന് ഞാൻ ഈ മഹാഭാരത ഭൂമിയിൽ നിന്ന് ശപിക്കുന്നു,’ എന്നായിരുന്നു സുർജേവാലയുടെ വാക്കുകൾ. ഹരിയാനയിലെ കൈതാളിൽ കോൺഗ്രസ് ജൻ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദ പരാമർശം. ബിജെപിയും അതിന്റെ അനുഭാവികളെയും രാക്ഷസന്മാരാണ് എന്നായിരുന്നു സുർജേവാല പറഞ്ഞത്. 13-ൽ അധികം തവണ സുർജേവാല ഇത്തരത്തിൽ ഈ വാക്ക് ഉപയോഗിച്ചു. സുർജേവാലയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ബിജെപിയുടെ നേതാക്കൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.
Comments