ഫോട്ടോകൾ അയക്കുമ്പോൾ ക്വാളിറ്റിയിൽ വേണമെന്ന് എല്ലാവർക്കും നിർബന്ധമുള്ള കാര്യമാണ്. എന്നാൽ വാട്‌സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പ്രശ്‌നമായിരുന്നു. ഇതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. എച്ച്ഡി ക്വാളിറ്റി ചിത്രങ്ങൾ അയക്കുന്നതിനുള്ള ഓപ്ഷൻ വാട്‌സആപ്പ് പുറത്തുവിട്ടു.
സ്റ്റാൻഡേർഡ് ക്വാളിറ്റി ഡിഫോൾട്ട് ഓപ്ഷനായി തുടരുന്നതിനൊപ്പമാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ക്വാളിറ്റി കുറഞ്ഞ ചിത്രങ്ങൾ പോലും എച്ച്ഡി ക്വാളിറ്റിയിൽ അയക്കാൻ കഴിയുന്ന ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ രണ്ട് തരത്തിൽ ഫോട്ടോ അയക്കാവുന്നതാണ്, സ്റ്റാൻഡേർഡ് അല്ലെങ്കിൽ എച്ച്ഡിയിൽ. ഉടൻ തന്നെ ആഗോളതലത്തിൽ തന്നെ ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. എച്ച്ഡി വീഡിയോകൾ അയക്കാൻ കഴിയുന്ന ഫീച്ചറും ഉടനെ വാട്‌സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് മെറ്റ തലവൻ മാർക്ക് സക്കർബർഗ് അറിയിച്ചു.
എച്ച്.ഡി (2000 X 3000 പിക്‌സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365 X 2048 പിക്‌സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്‌ക്കാനായി വാട്‌സ്ആപ്പിൽ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം.
കൂടാതെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്‌ക്കും പോലെ തന്നെ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി’ (1365 X 2048 പിക്‌സലുകൾ) അല്ലെങ്കിൽ ‘എച്ച്ഡി ക്വാളിറ്റി’ (2000 X 3000 പിക്‌സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. അതിൽ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്താൽ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.















