ചെന്നൈ: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ലാൻഡർ പങ്കുവെച്ച കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. ലാൻഡറിലെ ക്യാമറ നാല് പകർത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ ചന്ദ്രോപരിതലത്തിൽ നിന്നും 70 കിലോമീറ്റർ അകലത്തിൽ വെച്ചെടുത്ത ചന്ദ്രന്റെ ചിത്രങ്ങളാണിവ. ഓഗസ്റ്റ് 20-നാണ് ലാൻഡർ ഐഎസ്ആർഒയ്‌ക്ക് അയച്ചത്. ഓഗസ്റ്റ് 22-ന് ഐഎസ്ആർഒയുടെ എക്‌സ് അക്കൗണ്ടിലൂടെ ഇത് പങ്കുവെയ്‌ക്കുകയായിരുന്നു.
അതേസമയം, ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ചന്ദ്രയാൻ-3 ആശയവിനിമയം നടത്തി. പേടകത്തിന്റെ ലാൻഡർമൊഡ്യൂളുമായി ആശയവിനിമയം പങ്കിട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ചാന്ദ്രയാൻ-3 ദൗത്യത്തിലെ ലാൻഡർ അയക്കുന്ന സന്ദേശങ്ങളും പരിശോധന വിലയിരുത്തലുകളും ഓർബിറ്റർ മുഖേനയാകും ഐഎസ്ആർഒയുടെ കൺട്രോൾ സെന്ററിൽ എത്തുക.
ഇതിന് പുറമേ ലാൻഡറിലേക്ക് സെന്ററിൽ നിന്നും അയക്കുന്ന സന്ദേശങ്ങൾ കൈമാറുന്നതിലും ഇവ നിർണായക പങ്കുവഹിക്കും. രണ്ടാം ദൗത്യത്തിന്റെ ഓർബിറ്റർ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാനാകുന്നു എന്നത് വലിയൊരു നേട്ടമാണ്. ഇതിനാൽ തന്നെ ചന്ദ്രയാൻ-3 ദൗത്യത്തിനൊപ്പം ഓർബിറ്റർ ഉണ്ടായിരുന്നില്ല.
ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. പാറകളോ ആഴത്തിലുള്ള ഗർത്തങ്ങളോ ഒന്നും തന്നെയില്ലാത്ത സുരക്ഷിതമായി ലാൻഡിംഗ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്
ചിത്രങ്ങൾ അയച്ചത്. ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ പകർത്തിയ ചിത്രങ്ങളാണിവ.















