ന്യൂഡൽഹി: ബ്രിക്‌സ് സഖ്യത്തിലേയ്‌ക്ക് പാകിസ്താനെ ഉൾപ്പെടുത്താൻ ചൈനീസ് നീക്കം. കൂടുതൽ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്‌സ് സഖ്യം വിപുലപ്പെടുത്തണം എന്ന വാദം ഉന്നയിച്ചാണ് പാകിസ്താനെ കൂട്ടായ്മയുടെ ഭാഗമാക്കാൻ ചൈന ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കത്തെ ഇന്ത്യ എതിർക്കും. ബ്രിക്‌സിനെ വിപുലപ്പെടുത്തുന്നത് അതിന്റെ ലക്ഷ്യത്തെയും വികസന ലക്ഷ്യങ്ങളിലുളള അംഗരാജ്യങ്ങളുടെ യോജിപ്പിനെയും ബാധിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
നേരത്തെ ബലാറസ് ബ്രിക്‌സ് സഖ്യത്തിൽ ചേരുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബ്രിക്‌സിലേയ്‌ക്ക് ഇനി രാഷ്‌ട്രങ്ങളെ ഉൾപ്പെടുത്തേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടവെയാണ് പാകിസ്താൻ ബ്രിക്‌സിലേക്ക് കടന്നു വരാൻ ശ്രമിക്കുന്നത്.
ബ്രിക്‌സിൽ ചേരാനുള്ള ആഗ്രഹം പാകിസ്താൻ മുമ്പും പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന വഴിയാണ് പാകിസ്താൻ നീക്കം നടത്തിയത്. കൂട്ടായ്മയിലെ ഇന്ത്യയുടെ പ്രാതിനിധ്യം പാകിസ്താനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് പലപ്പോഴും പാക് ഭരണകൂടം ബ്രിക്‌സ് പ്രവേശനത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. ‘ഒരു രാജ്യം കാരണം ബ്രിക്‌സിൽ ചേരാൻ കഴിയുന്നില്ല’ എന്ന് പരോക്ഷമായി ഇന്ത്യയെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ വർഷം പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു.
പാകിസ്താൻ ബ്രിക്സിൽ അംഗമായാൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും. ഇത് ബ്രിക്‌സിന്റെ പ്രസക്തിയെ ബാധിക്കും. ചൈന തങ്ങളുടെ നയങ്ങൾ ബ്രിക്‌സിൽ നടപ്പിലാക്കാൻ പാകിസ്താനെ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യയ്‌ക്കുണ്ട്.
Comments