മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ റെക്കേർഡിട്ട് ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് മുതൽ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപ്പനയിൽ ട്രെൻഡിംഗിൽ നിൽക്കുന്ന ആദ്യ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. പ്രീ ബുക്കിംഗിലൂടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. 24-നാണ് റിലീസ്.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുതൽ ന്യൂയോർക്കിലെ ടൈംസ് സ്വകയറിൽ വരെ ചിത്രം സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. അത്രമാത്രം വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാള ചിത്രമാകും ഇത്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ പ്രചാരണത്തോടനുബന്ധിച്ച് പുലിക്കളിയുണ്ടാകും.
രാജു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖറെത്തുന്നത്. പാൻ ഇന്ത്യ ചിത്രം ഓണറിലീസായാണ് തിയേറ്ററുകൾ കീഴടക്കാനെത്തുന്നത്. മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രമാകും ഇതെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.
Comments