ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ഇന്ന് വൈകിട്ടാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് 6.04-നാണ് സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി പ്രധാനമായും നാല് കടമ്പകളാണ് കടക്കേണ്ടത്.
റഫ് ബ്രേക്കിംഗ്
ചന്ദ്രോപരിതലത്തിൽ നിന്ന് 25-30 കിലോമീറ്റർ ഉയരത്തിലുള്ള ലാൻഡറിനെ പതിനൊന്നര മിനിറ്റുകൊണ്ട് 7.4 കിലോമീറ്റർ അകലത്തിലെത്തിക്കും. ഈ സമയം പേടകത്തിന്റെ വേഗത സെക്കൻഡിൽ 1.68 കിലോമീറ്ററിൽ നിന്നും 258 മീറ്ററായി കുറയ്‌ക്കുന്നതായിരിക്കും. സെക്കൻഡിൽ 1.68 കിലോമീറ്റർ ( മണിക്കൂറിൽ 6048 കിലോമീറ്റർ) വേഗതയാണ് നിലവിലുള്ളത്. ഇതാണ് കുറച്ചുകൊണ്ട് വരേണ്ടത്. ഇതിനായി ലാൻഡറിന്റെ എഞ്ചിനുകൾ പ്രവർത്തനം ആരംഭിക്കും. ഈ സമയം ചന്ദ്രന് തിരശ്ചീനമായി ആകും ലാൻഡറിന്റെ കാലുകൾ ഉണ്ടാകുക. എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ലാൻഡറിനെ ചന്ദ്രന്റെ പ്രതലത്തിൽ നിന്നും ലംബമായുള്ള ദിശയിലേക്ക് മാറ്റും.
ആറ്റിറ്റിയൂഡ് ഹോൾഡ്
ലാൻഡർ ഇറങ്ങുന്നതിനായി ത്രസ്റ്റർ എഞ്ചിനുകൾ ക്രമീകരിക്കും. ഈ സമയം ലാൻഡറിന്റെ വേഗത സെക്കൻഡിൽ 336 മീറ്ററായി കുറയ്‌ക്കും. തുടർന്ന് 10 സെക്കൻഡ് കൊണ്ട് ലാൻഡർ ചന്ദ്രോപരിതലത്തിന്റെ 6.8 കിലോമീറ്റർ മുകളിലായി ലാൻഡർ എത്തും.
ഫൈൻ ബ്രേക്കിംഗ്
2.55 മിനിറ്റ് ദൈർഘ്യമാണ് ഈ ഘട്ടം പൂർത്തിയാക്കുന്നതിന് ആവശ്യമായ സമയം. ഈ ഘട്ടത്തിലാണ് പേടകം ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തേക്ക് നീങ്ങുക. ചന്ദ്രോപരിതലത്തിൽ നിന്ന് 1300-800 മീറ്റർ മുകളിൽ എത്തുന്ന ലാൻഡർ 12 സെക്കൻഡ് നിശ്ചലമാകും. ഇറങ്ങുന്നതിനുള്ള മേഖലയേതെന്ന് അവസാനമായി ഉറപ്പിക്കുക ഈ ഘട്ടത്തിലാണ്. കല്ലുകളും കുഴികളും ഇല്ലാത്ത പരന്ന പ്രതലത്തിലാകണം ലാൻഡർ ഇറങ്ങേണ്ടത്. ലാൻഡർ ഒരു വശം ചെരിഞ്ഞാണ് വീഴുന്നത് എങ്കിൽ പിഴവ് സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ സമയം സെൻസറുകൾ ഉപയോഗിച്ച് പേടകം ഇറങ്ങാൻ കഴിയത്തക്ക വിധം കാലുകൾ കുത്തനെയാക്കും. ഏറ്റവും സങ്കീർണമായ ഘട്ടം ഇതാണ്.
ടെർമിനൽ ഡിസൻഡ്
2.11 മിനിറ്റ് കൊണ്ട് ലാൻഡർ ചന്ദ്രോപരിതലത്തിന് 150 മീറ്റർ മുകളിലെത്തും. 22 സെക്കൻഡോളം പേടകം ഈ നിലയിൽ നിൽക്കുന്നതായിരിക്കും.ക്യാമറ, സെൻസറുകൾ എന്നിവയിലെ വിവരങ്ങൾ വിലയിരുത്തിയതിന് ശേഷം ഇറങ്ങേണ്ട സ്ഥലമേതെന്ന് നിർണ്ണയിക്കും. സുരക്ഷിതമല്ലെങ്കിൽ പരമാവധി 150 മീറ്ററോളം ചുറ്റളവിൽ സഞ്ചരിച്ച് മറ്റൊരിടം കണ്ടെത്തും. ഇറങ്ങുന്ന മേഖലയുടെ ചിത്രങ്ങൾ ഈ ഘട്ടത്തിൽ നിരീക്ഷണത്തിനായി എടുത്തുകൊണ്ടിരിക്കും. അവസാന തീരുമാനം എടുക്കുക നിമിഷങ്ങൾക്കുള്ളിലാകും.
ലാൻഡിംഗ്
ലാൻഡറിലെ രണ്ട് എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ബാലൻസ് ചെയ്യുകയും സെക്കൻഡിൽ മൂന്ന് മീറ്റർ വേഗത്തിൽ ചന്ദ്രന്റെ പ്രതലത്തിൽ തൊടുകയും ചെയ്യും. 23 സെക്കൻഡിനുള്ളിൽ ലാൻഡർ ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിലെത്തും. ഈ സമയം ത്രസ്റ്റർ എഞ്ചിനുകൾ ഓഫാകും. കാലുകളിലെ സെൻസറുകൾ ചന്ദ്രോപരിതലം തിരിച്ചറിയുന്നതോടെ എഞ്ചിനുകൾ പ്രവർത്തനം നിർത്തും. ഇതോടെ 20 മിനിറ്റ് നീണ്ട പരീക്ഷണ ഘട്ടത്തിന് അവസാനമാകും. ഇതിന് പിന്നാലെ സാവധാനം ലാൻഡർ താഴേക്ക് ഇറങ്ങുകയാണ് ചെയ്യുക. സെക്കൻഡിൽ രണ്ട് മീറ്റർ മുതൽ മൂന്ന് മീറ്റർ വരെയാകും പരമാവധി വേഗത.
ലാൻഡിംഗിന് മുന്നോടിയായി ചന്ദ്രനിലെ പൊടി വിക്രത്തെ വലയം ചെയ്യും. ഈ പോടി കുറയുന്നതിനായി ഏതാനും സെക്കൻഡുകൾ കാത്തിരുന്നതിന് ശേഷമാകും സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക. ശേഷം വിക്രത്തിലെ റാംപ് തുറക്കും.. പ്രഗ്യാൻ റോവർ സാവധാനത്തിൽ ചന്ദ്രന്റെ മണ്ണിലേക്ക് ഉരുണ്ടു നീങ്ങുന്നതായിരിക്കും. വേർപെടൽ പൂർത്തിയാകുന്നതോടെ പ്രഗ്യാൻ റോവറുടെ ചിത്രം വിക്രം ലാൻഡർ എടുക്കും. തുടർന്ന് വിക്രത്തിന്റെ ചിത്രം പ്രഗ്യാനും എടുക്കും. പിന്നാലെ ചന്ദ്രയാൻ-2 ഓർബിറ്റ് മുഖേന ഭൂമിയിലേക്ക് ചിത്രങ്ങൾ അയക്കും. തുടർന്ന് ചന്ദ്രനിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ പ്രഗ്യാന് സാധിക്കും.
Comments