മാളികപ്പുറത്തിന് ലഭിച്ച ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടുമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയുന്നത്. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ വെച്ച് നടൻ ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗണപതി ഭഗവാനായിട്ടാണ് താരം എത്തുന്നത്.
ഇതിന് പിന്നാലെ ‘മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർഥ്യമോ?’ എന്ന ടാഗ്‌ലൈനോട് കൂടി പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയ്‌ക്കും വിമർശനത്തിനും ഇടയാക്കിയതാണ് ഇത്തരമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നായിരുന്നു വാദം. വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടി പ്രഖ്യാപിച്ചൊരു സിനിമയാണിതെന്നും ഇതിൽ രാഷ്‌ട്രീയമുണ്ടെന്നുമായിരുന്നു വിശദീകരണം. ഇപ്പോഴിതാ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുൻപേ റജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കി തക്ക മറുപടി നൽകുകയാണ് അണിയറ പ്രവർത്തകർ.
തന്റെ സിനിമയ്‌ക്ക് ഏറ്റവും അനുയോജ്യമായ പേര് ‘ജയ് ഗണേഷ്’ എന്നത് തന്നെയാണെന്നും അത് എത്രയോ മാസങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണെന്നും സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ തുറന്നടിച്ചു. ഇതോടൊപ്പം തന്റെ സിനിമകൾ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു മാസം മുൻപ് തന്നെ പേര് പ്രഖ്യാപിക്കാറുണ്ടെന്നും അദ്ദേഹം രേഖാമൂലം മറുപടി നൽകി. ‘ഇന്നലെ പ്രഖ്യാപനം മുതലുള്ള എല്ലാ വ്യാപകമായ വാർത്തകൾക്കും അറുതിവരുത്താൻ, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പ് കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തു.‘ എന്നാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിന്റെ പേര് രജിസ്റ്റർ ചെയ്ത രേഖ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
ചേമ്പറിൽ ഒരു സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷൻ ഒരുപാട് സമയമെടുക്കുന്ന ഒരു പരിപാടിയാണ്. ആ പ്രോസസ്സ് കഴിഞ്ഞ ജൂണിൽ പൂർത്തിയായതാണ്. ‘ജയ് ഗണേഷ്’ എന്ന പേര് സിനിമയ്‌ക്ക് ഏറ്റവും അനുയോജ്യമായതുകൊണ്ടാണ് നൽകിയത്. ഈ സിനിമ കാണുമ്പോൾ എന്തുകൊണ്ട് ഈ പേരിട്ടു എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുമെന്നും രഞ്ജിത്ത് ശങ്കർ വ്യക്തമാക്കി. നിലവിലുള്ള വിവാദവുമായി സിനിമയുടെ പേര് കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും പടത്തിന്റെ ചിത്രീകരണം ഉടനെ തുടങ്ങാൻ പോവുകയാണെന്നും സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു.
ജയ് ഗണേഷ്’ സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ “ജയ്ഗണേഷ്” ചർച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ ലഭിച്ചു. ഞാൻ എന്റെ നടനെ കണ്ടെത്തി’.
‘ഞങ്ങൾ ഈ പ്രോജക്‌റ്റിന്റെ സഹ-നിർമ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നാണ് കഴിഞ്ഞ ദിവസം രഞ്ജിത്ത് ശങ്കർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേഷിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്.
Comments