ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി ചന്ദ്രനിലിറങ്ങിയതിന് ഇന്ത്യയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അഭിനന്ദന സന്ദേശത്തിലാണ് പുടിന്റെ ആശംസ.
ചന്ദ്രയാൻ വിജയകരമായി ലാൻഡിംഗ് ചെയ്ത അവസരത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ എത്തിയിരിക്കുന്നത്. ഇത് ബഹിരാകാശ പര്യവേക്ഷണത്തിൽ വലിയ മുന്നേറ്റമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ തെളിവാണിത്. പുതിയ നേട്ടങ്ങൾക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ഇസ്രോയ്ക്കും ചന്ദ്രയാന്‍ പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും പുടിൻ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Comments