കൊച്ചി: ശാന്തൻപാറയിൽ ചട്ടം ലംഘിച്ച് നിർമിക്കുന്ന സിപിഎം പാർട്ടി ഓഫീസിന് നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടി ക്രമങ്ങൾ ഇടുക്കി ജില്ല കലക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇടക്കാല ഉത്തരവ് നിലനിൽക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഉത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനാലാണ് നടപടി എടുക്കാതിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു . ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പാർട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തരമായി കോടതി ഇന്നലെ കേസ് പരിഗണിച്ചത്. ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിന് റവന്യൂ വകുപ്പ് ഇന്നലെ പുതിയ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.
ഉടുമ്പൻചോല എൽ ആർ തഹസിൽദാറാണ് സിപിഎം ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ സിപിഎം കെട്ടിടനിർമാണം നിർത്തിവയ്‌ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് ലംഘിച്ച് കൊണ്ട് ചൊവാഴ്ച രാത്രി കെട്ടിട നിർമ്മാണം തകൃതിയായി നടന്നിരുന്നു.
Comments