തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗർ മേളയുടെ എട്ടാം ഘട്ടം ഓഗസ്റ്റ് 28-ന്. തിരുവനന്തപുരത്തെ പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിലാണ് കേരളത്തിലെ മേള നടക്കുക. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, ഫിഷറീസ് സഹമന്ത്രി ഡോ.എൽ മുരുകൻ ചടങ്ങിൽ മുഖ്യാതിഥിയാകും.
രാജ്യമൊട്ടാകെ നടക്കുന്ന റോസ്ഗർ മേള പ്രധാനമന്ത്രി ഓൺലൈനായാകും ഉദ്ഘാടനം നടത്തുക. തുടർന്ന് 400-ലധികം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള നിയമനപത്രം എൽ മുരുകൻ വിതരണം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് എട്ടാം ഘട്ട മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തുടനീളം തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും നിയമിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗർ മേള.















