ഡൽഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്റും പറയാത്ത കാര്യമാണ് ജോ ബൈഡൻ തന്നോട് പറഞ്ഞതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ലോകത്തെ മുന്നോട്ട് നയിക്കാൻ കരുത്ത രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസ് പ്രസിഡന്റിന്റെ ആഗ്രഹമെന്നും എറിക് ഗാർസെറ്റി വ്യക്തമാക്കി.
‘അദ്ദേഹം (പ്രസിഡന്റ് ബൈഡൻ) എന്നോട് പറഞ്ഞു, ഇന്ത്യ തനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്ന്. ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്റും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്ന് ഞാൻ കരുതുന്നു. യുഎസിലെ നികുതിദായകരിൽ ആറ് ശതമാനം ഇന്ത്യൻ അമേരിക്കക്കാരാണ്. സാങ്കേതികവിദ്യ മുതൽ വ്യാപാരം വരെ, പരിസ്ഥിതി മുതൽ സ്ത്രീ ശാക്തീകരണം വരെ, ചെറുകിട ബിസിനസ്സുകൾ മുതൽ ബഹിരാകാശം വരെ എല്ലായിടത്തും ബന്ധം ശക്തമാണ്’.
‘മുമ്പ് ആകാശമാണ് പരിധി എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ബഹിരാകാശത്തും ഒരുമിച്ച് പ്രവർത്തിക്കുന്നു. കടലിനടിയിൽ നിന്ന് ആകാശം വരെയും ഒരേ മനസ്സോടെ പ്രവർത്തിക്കുകയാണ്. യുഎസും ഇന്ത്യയും ഈ ലോകത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ശക്തികളാണ്’-എറിക് ഗാർസെറ്റി പറഞ്ഞു. നേരത്തെ, ഇന്ത്യയിലെ യുഎസ് അംബാസഡറായി 100 ദിവസങ്ങൾ പൂർത്തിയാക്കിയ വേളയിലും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ താൻ ആവേശഭരിതനാണെന്ന് ഗാർസെറ്റി പറഞ്ഞിരുന്നു.
Comments