ഇങ്ങനയൊരു വഴിപാട് ഒരു ക്ഷേത്രത്തിൽ നടക്കുന്നു എന്ന് ആദ്യമായി കേൾക്കുന്നവർക്ക് അതിശയം തോന്നാം. എന്നാൽ ഇത് സത്യമാണ് ഉദ്ദിഷ്ട കാര്യസിദ്ധിക്കായി, ദിനവും നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തർ ഈ ക്ഷേത്രത്തിലെത്തി മഹാദേവന് “കൊട്ടും ചിരിയും”വഴിപാട് സമർപ്പിക്കുന്നു.
തിരികെ വീടെത്തുംമുൻപ് അതിന് അത്ഭുത ഫലസിദ്ധി ലഭിക്കുന്നു എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. അത് ആർക്കും നേരിട്ട് ബോധ്യപ്പെടാവുന്നതാണ്.
ആലപ്പുഴജില്ലയിലെ ചെങ്ങന്നൂരിൽ, ചെങ്ങന്നൂർ മഹാദേവർക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന “കുന്നത്ത്ശ്രീ മഹാദേവക്ഷേത്രം”നൂറ്റാണ്ടുകളുടെ പഴക്കം കൊണ്ടും, ഇവിടെ ശരണംപ്രാപിച്ച് പ്രാർത്ഥിക്കുന്നവർക്ക് വളരെവേഗം ഫലപ്രാപ്തി ലഭിക്കുന്നു എന്ന സവിശേഷതകൊണ്ടും വളരെ പ്രശസ്തമാണ്.
സന്ധ്യക്ക് ദീപാരാധനക്ക് ശേഷം ഭക്തജനങ്ങളാൽ നടത്തപ്പെടുന്ന വഴിപാടാണ് കൊട്ടും ചിരിയും. മനസ്സിനെ അലട്ടുന്ന വിഷമങ്ങൾ, മാറാരോഗങ്ങൾ, വിവാഹതടസ്സങ്ങൾ, കുടുംബത്തിന്റെ ഐശ്വര്യ അഭിവൃദ്ധി തുടങ്ങി പല കാര്യങ്ങളുടെയും വിജയത്തിനായും, കളവ് പോയതോ കാണാതെ പോയതോ ആയ വസ്തുക്കൾ കണ്ടുകിട്ടുന്നതിനുമായി ഭക്തജനങ്ങൾ ഇവിടെ ഈ വഴിപാട് നടത്തുന്നു.
വഴിപാട് നടത്തുന്നവർ പഴ വർഗ്ഗങ്ങൾ, ഉണ്ണിയപ്പം, ലഡു, മിഠായി മുതലായവയിൽ ഏതെങ്കിലും ക്ഷേത്രനടയിൽ ചെറിയ ഒരു സംഖ്യ രസീതിൻപടി സമർപ്പിക്കുന്നു. നമസ്കാരമണ്ഡപത്തിൽ പ്രാർത്ഥനയോടെ സമർപ്പിക്കപ്പെടുന്ന ഇവ മണ്ഡപത്തിൽ വെച്ചുതന്നെ ക്ഷേത്രത്തിലെ പൂജാരി ഭഗവാന് നിവേദ്യപൂജചെയ്യുന്നു.
അപ്പോൾ അവിടെ കൂടിനിൽക്കുന്ന കുട്ടികൾ കൈകൾകൊട്ടി ചിരിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് സംപ്രീതനായ മഹാദേവൻ ഭക്തർക്കുമേൽ അനുഗ്രഹവർഷം ചൊരിയുന്നു. പൂജയ്‌ക്ക്ശേഷം നിവേദിച്ച വസ്തുക്കൾ പ്രസാദമായി അവിടെ എത്തിച്ചേരുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി നൽകുന്നു. ഭഗവാന്റെ തിരു സന്നിധിയിൽ നാലമ്പലത്തിനു വെളിയിലുള്ള നടപ്പന്തലിലിരുന്ന് ഭക്തർ ആ പ്രസാദം കഴിച്ചുമടങ്ങും. ഇപ്രകാരമാണ് കൊട്ടും ചിരിയും വഴിപാട് നടത്തപ്പെടുന്നത്. ഇതിന്റെ പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്രം ഉണ്ട്. പണ്ടുകാലത്ത് ഈ പ്രദേശമാകെ കാട്മൂടിക്കിടന്നിരുന്നു.
ഒരിക്കൽ ഇവിടെ പൂജ ചെയ്തിരുന്ന പൂജാരി, ഭഗവാന് നിവേദിക്കുവാനായി കാട്ടിൽ നിന്നും ശേഖരിച്ച പഴവർഗ്ഗങ്ങൾ മണ്ഡപത്തിൽ കൊണ്ടുവന്നു വെച്ചതിനുശേഷം പൂക്കളും മറ്റും ശേഖരിക്കുവാനായി പുറത്തേക്കിറങ്ങിയ സമയം അവിടെയെത്തിയ, മലവേട വംശത്തിലെ കുട്ടികൾ ആ പഴവർഗ്ഗങ്ങൾ എടുത്തു ഭക്ഷിച്ചിട്ടു പോയി.മടങ്ങിയെത്തിയ പൂജാരി നിവേദ്യദ്രവ്യങ്ങൾ കാണാത്തതിൽ അതീവ ദുഃഖിതനായി. എന്റെ ദേവന് ഇന്ന് ഞാൻ എന്തുനിവേദ്യം നൽകുമെന്ന അദ്ദേഹത്തിന്റെ വിലാപം കേട്ട് മറ്റുചിലരും അവിടെ എത്തി.
അപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ ഒരു അശരീ മുഴങ്ങി.
“നിവേദ്യം മുടങ്ങിയതിൽ വിഷമം വേണ്ട.. എന്റെ ഉണ്ണികൾ അത് ഭക്ഷിച്ചതിൽ ഞാൻ തൃപ്തനാണ്… കുഞ്ഞുങ്ങൾ ഭക്ഷിച്ചതിൽ സന്തോഷിക്കുക…”ആ അശരീരി ശബ്ദത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ പൂജാരിയും അവിടെയെത്തിയ ആബാലവൃദ്ധം ജനങ്ങളും അപ്പോൾ കൈകൾ കൊട്ടിച്ചിരിച്ചുകൊണ്ട് ഭഗവാന്റെ സന്തോഷ അരുളിപ്പാടിൽൽ ആനന്ദിക്കുകയും ചെയ്തു.
പാർവ്വതീ പരിണയത്തിനു ശേഷം തിരു ചെങ്ങന്നൂരിൽ അഗസ്ത്യ ഋഷിയുടെ അഭ്യർത്ഥന മാനിച്ച് ഭഗവാനും ദേവിയും വാഴുംകാലം. ഭഗവാന്റെ ഉത്തമഭക്തനായ ശക്തികുണ്ഡ മഹർഷി ഭഗവാനെ കാന്മാനായി ചെങ്ങന്നൂരിൽ എത്തി. ശിവനെയല്ലാതെ മറ്റാരെയും അദ്ദേഹം ഭജിക്കുകയില്ല “ശിവനല്ലാതെയില്ലാരും” എന്നത് ഋഷിയുടെ ജീവിതശൈലിയായിരുന്നു.. സർവ്വം ശിവം.
അങ്ങനെയുള്ള ആ ഭക്തന് ഭഗവാനോടൊപ്പം ദേവി പാർവ്വതിയെ കാണുക എന്നത് ചിന്തിക്കുവാൻ കൂടി സാധ്യമല്ലായിരുന്നു. അദ്ദേഹം ചെങ്ങന്നൂർ ക്ഷേത്രം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഈശാന കോണിലുള്ള ഉയർന്ന ഒരു കുന്നിൽമുകളിൽ ഇരുന്ന് ഭഗവാനെ പൂജചെയ്തു ദർശനസായൂജ്യം നല്കണമേ എന്ന് പ്രാർത്ഥിച്ചു. ആ ഭക്തന്റെ മനസ്സറിഞ്ഞ മഹാദേവൻ തനിച്ച് അവിടെയെത്തി മഹർഷിക്ക് ദർശനം നൽകിയനുഗ്രഹിച്ചു.അന്ന് മഹർഷി സ്നാനാദി കർമ്മങ്ങൾ ചെയ്തിരുന്ന ഒരു കുളത്തിന്റെ അല്പ ഭാഗം ഇപ്പോഴും അവിടെയുണ്ട് അത് ശക്തികുണ്ഡ തീർത്ഥം എന്നറിയപ്പെടുന്നു. ശക്തികുണ്ഡമഹർഷി പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ (അഗസ്ത്യർ പൂജിച്ചിരുന്ന വിഗ്രഹമാണ് എന്നും ഒരു പക്ഷമുണ്ട് )
എന്തായാലും മഹാദേവന്റെ മഹത്വമേറുന്നഭാവമാണ് ഇവിടെയുള്ളത്.നിർഗ്ഗുണപരബ്രഹ്മ സ്വരൂപിയായ സാക്ഷാൽ മഹാദേവൻ വല്യച്ഛനായി കുടികൊള്ളുന്ന സാക്ഷാൽ ശ്രീ കുന്നത്ത് മഹാദേവക്ഷേത്രം. ചെങ്ങന്നൂർ മഹാദേവർക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പറയപ്പെടുന്നുവെങ്കിലും കേവലം ഒരു മൂലസ്ഥാനമല്ല മറിച്ച് സാക്ഷാൽ ശ്രീമഹാദേവൻ ഏറ്റവും ശ്രേഷ്ഠ ഭാവത്തിൽ വാണരുളുന്നയിടം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രമായ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിന്റെ കീഴൂട് ദേവസ്വം ആണ് ഇത്. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൻ നിന്നും, ksrtc സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരുകിലോമീറ്റർ ദൂരപരിധിയിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാവർക്കും കുന്നത്ത് വല്യച്ഛന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
ഓം നമഃശിവായ
മുരുകൻ ആചാരി ചെങ്ങന്നൂർ,
സപര്യ, കൗസ്തുഭം എന്നിങ്ങനെ 2 ചെറുകഥാ സമാഹാരങ്ങളുംചെങ്ങന്നൂർ ക്ഷേത്ര ഐതീഹങ്ങളും ചരിത്രവും ഉൾപ്പെടുത്തി തൃചെങ്ങന്നൂർ എന്ന പുസ്തകം അതിന് തമിഴ് പരിഭാഷ തിരു ചെങ്ങന്നൂർ തിരുകോവിൽ എന്ന പുസ്തകവും Notion press ൽ പ്രസിദ്ധീകരിച്ചു. ബുക്കുകൾ ഓൺ ലൈനിൽ ലഭ്യമാണ്. മത പാഠശാലകളിൽ പഠിപ്പിക്കുവാൻ പോകാറുണ്ട്.
ഫോൺ ; 8129527053















