തിരുവനന്തപുരം: ക്ളിഫ് ഹൗസ് സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇസഡ്-പ്ലസ് സുരക്ഷാ സംവിധാനത്തിലേക്ക് 45 പോലീസുകാരെ ഉൾപ്പെടുത്തി. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് മൂന്ന് എസ്.ഐമാരടക്കം 45 പേരെയാണ് ക്ലിഫ്ഹൗസ് സുരക്ഷയ്‌ക്ക് അധികമായി നിയോഗിച്ചത്. ക്ലിഫ്ഹൗസിന് ഉള്ളിലും ചുറ്റുമുള്ള റോഡുകളിലും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
ക്ലിഫ് ഹൗസിൽ പോലീസ് 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. ആർ.ആർ.ആർ.എഫ് ബറ്റാലിയനിലെ 45 പോലീസുകാരും അഞ്ച് ഇൻസ്പെക്ടർമാരുമാണ് ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുള്ളത്. ഇവർക്കുപുറമേ 15 കമാൻഡോകളും 15 പേരടങ്ങുന്ന സ്ഥിരം സ്ട്രൈക്കർ ഫോഴ്സുമുണ്ട്. സദാസമയവും മുഖ്യമന്ത്രിക്കൊപ്പം 28 കമാൻഡോകളടക്കം 40 പോലീസുകാരും ഉണ്ടാവും. മുന്നിലെ വാഹനത്തിൽ അഞ്ചുപേർ.
രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ, സ്ട്രൈക്കർ ഫോഴ്സ്, ഡോഗ് സ്ക്വാഡ്,ബോംബ്, ആംബുലൻസ്. ഇതിന് പുറമേ പൈലറ്റും രണ്ട് എസ്‌കോർട്ടും സ്പെയർ കാറും പുറമേയുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കുന്നുണ്ട്.















