പണത്തിന് അത്യാവശ്യം വരുന്ന സന്ദർഭങ്ങളിൽ ഈട് നൽകി വായ്പയെടുക്കാറുണ്ട്. പണം വാങ്ങി തിരിച്ചടവ് മുടങ്ങിയാൽ വലിയൊരു കടക്കെണിയാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ വരവു ചെലവുകൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ വായ്പയെടുക്കാവൂ.. തിരിച്ചടവ് മുടങ്ങിയാൽ ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ ജപ്തി നടപടികളിലേക്ക് വരെ എത്തിച്ചേക്കാം. ഇതിന് പ്രധാനമായും സർഫാസി നിയമമാണ് ബാങ്കുകൾ പിന്തുടരുന്നത്.
സർഫാസി നിയമം
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പ റിക്കവറിയ്‌ക്ക് സഹായിക്കുന്നതിനായി 2002-ലാണ് സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് അഥവാ സർഫാസി ആക്ട് നിലവിൽ വരുന്നത്. സർഫാസി നിയമം അനുസരിച്ച് വായ്പയെടുക്കുന്നവർ തുക തിരിച്ചടയ്‌ക്കാതിരിക്കുമ്പോൾ കോടതി ഇടപെടൽ കൂടാതെ തന്നെ ജാമ്യമായി അനുവദിച്ച ആസ്തി ബാങ്കിന് ഏറ്റെടുക്കാവുന്നതാണ്. സ്വത്ത് ബാങ്ക് സ്വന്തമാക്കുന്നതോടെ വിൽക്കുന്നതിനും പാട്ടത്തിന് നൽകുന്നതിനും അധികാരം സ്ഥാപനത്തിനായിരിക്കും. വസ്തു വിൽപ്പന നടത്തി ബാങ്ക് കുടിശ്ശിക ഈടാക്കിയതിന് ശേഷം ബാക്കി പണം ഉണ്ടെങ്കിൽ വായ്പയെടുത്ത വ്യക്തിക്ക് നൽകണം.
നടപടിക്രമം
സർഫാസി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് എത്രമാസമുള്ള അടവുകൾ മുടങ്ങുന്നു എന്നതാണ് പ്രധാനം. വായ്പ തുക തിരിച്ചടയ്‌ക്കുന്നതിൽ വീഴ്ച വരുത്തുമ്പോഴാണ് ലേല നടപടികൾ ആരംഭിക്കുന്നത് ഇതിൽ 30 ദിവസത്തിൽ അധികമായി തിരിച്ചടവ് മുടങ്ങുമ്പോൾ ഇത്തരം വായ്പകൾ സ്‌പെഷ്യൽ മെൻഷൻ അക്കൗണ്ട് 1 എന്ന വിഭാഗത്തിലേക്ക് മാറ്റും. 60 ദിവസത്തിൽ അധികം തിരിച്ചടവ് നടക്കാത്ത സാഹചര്യത്തിൽ വായ്പകളെ സ്‌പെഷ്യൽ മെൻഷൻ അക്കൗണ്ട് 2 എന്ന വിഭാഗച്ചിലേക്ക് മാറ്റും. ഇനി 90 ദിവസത്തേക്ക് അടയ്‌ക്കാതെ വരുമ്പോഴാണ് വായ്പ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പരിഗണിക്കുന്നത്.
തുടർ നടപടി
നിഷ്‌ക്രിയ ആസ്തിയായി തരം തിരിക്കുന്നതോടെ ബാങ്കുകളെ ബ്രാഞ്ച് മാനേജർ മുഖേനയോ റിലേഷൻഷിപ്പ് മാനേജറിലൂടെയോ വായ്പയെടുത്ത ആളെ അറിയിക്കും. തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം വക്കീൽ മുഖാന്തരം നിയമപരമായി നോട്ടീസ് നൽകും. രണ്ട് മുതൽ നാല് ആഴ്ചയ്‌ക്ക് ശേഷമാകും ലീഗൽ നോട്ടീസ് ലഭിക്കുക.
ജപ്തി
നോട്ടീസ് ലഭിച്ചതിന് ശേഷവും പ്രതികരിക്കാത്ത പക്ഷം പണയപ്പെടുത്തിയ വസ്തു കൈവശപ്പെടുത്തി വായ്പ കുടിശ്ശിക തിരിച്ചു പിടിക്കുന്ന നടപടിയിലേക്ക് ബാങ്ക് കടക്കും. സർഫാസി നിയമത്തിലെ സെക്ഷൻ 13(2) പ്രകാരമുള്ള നോട്ടീസ് നൽകിയാണ് വസ്തു ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുക. വസ്തുവിന്റെ കൈവശാവകാശം ബാങ്കിന് ലഭിക്കുന്ന നോട്ടീസാണിത്. സെക്ഷൻ 13(4) പ്രകാരമാണ് ഭൗതികമായി കൈവശാവകാശം ലഭിക്കുക. ഇത് കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് നടക്കുക.
വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ ബാങ്ക് ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന നോട്ടീസ് വസ്തുവിൽ പതിക്കും. ഇതിന് പുറമേ നിശ്ചിത തീയതിയിൽ വസ്തുവിന്റെ ലേലം പ്രഖ്യാപിക്കുന്ന പൊതു അറിയിപ്പ് രണ്ട് പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. എന്തെങ്കിലും തരത്തിലുള്ള എതിർപ്പ് ആർക്കെങ്കിലും ഉണ്ടെങ്കിൽ 14 ദിവസത്തിനുള്ളിൽ ഇക്കാര്യം ബാങ്കിനെ അറിയിക്കാവുന്നതാണ്.
വായ്പയെടുത്ത വ്യക്തിയുടെ അവകാശങ്ങൾ
തിരിച്ചടവ് മുടങ്ങിയെങ്കിലും വായ്പയെടുത്ത വ്യക്തിക്കും ചില അവകാശങ്ങളുണ്ട്. ലേല നടപടികൾ നിയമപരമായി അല്ല നടക്കുന്നത് എന്ന് ബോദ്ധ്യപ്പെടുകയാണെങ്കിൽ ഇതിനെതിരെ നിയമപരമായി നീങ്ങാവുന്നതാണ്.
Comments