ചെന്നൈ: വിക്ഷേപണത്തിന് സജ്ജമായി രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1. ഇനി വിക്ഷേപണത്തിനായുള്ള കാത്തിരിപ്പ്. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമിച്ച ആദിത്യ എൽ1 പരിശോധനകൾക്ക് ശേഷം റോക്കറ്റിൽ ഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾ ഐഎസ്ആർഒ എക്‌സിലൂടെ പങ്കുവെച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും സെപ്റ്റംബർ രണ്ടിന് രാവിലെ 11.50-ന് വിക്ഷേപിക്കും. പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങൾ കണ്ടെത്തുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങൾ എന്തെല്ലാമെന്ന് വിലയിരുത്തുക എന്നിവയാണ് ദൗത്യം മുന്നോട്ട് വെയ്‌ക്കുന്ന ലക്ഷ്യം. ഇതിന് പുറമേ സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.
നാല് മാസത്തെ യാത്ര അതായത് 125 ദിവസമെടുത്താകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാകും ഉപഗ്രഹമെത്തുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു അഥവാ എൽ1 കേന്ദ്രീകരിച്ചാകും ആദിത്യയുടെ യാത്ര. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായാകും ഉപഗ്രഹം പ്രവർത്തിക്കുക.















