ന്യൂഡൽഹി: ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പിൽ പാകിസ്താനെ തോൽപ്പിച്ച് മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്തെ കായിക താരങ്ങളുടെ ‘അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ വിജയമെന്നും കിരീടം കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
നമ്മുടെ കായിക താരങ്ങളുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയാണ്. ഈ വിജയത്തോടെ അടുത്ത വർഷം ഒമാനിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പിലെ വിജയികൾക്ക് അമിത് ഷായും ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യൻ കായിക പ്രതിഭകൾക്ക് ശോഭനമായ ഭാവിയുണ്ടെന്ന വിശ്വാസം അവർ തന്നെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. അടുത്ത വർഷം ഒമാനിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിക്കട്ടെയെന്ന് ആശംസകൾ നേരുന്നു’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

സലാലയിൽ നടന്ന ഫൈനലിൽ പാകിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സലാല സുൽത്താൻ ഖാബുസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 20 നായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിന്റെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ 2-3ന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയും പാകിസ്താനും ഫൈനലിലെത്തിയതോടെ അടുത്ത വർഷം മസ്‌ക്കറ്റിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിൽ ഇരു ടീമുകളും നേരിട്ട് യോഗ്യത നേടി.















