എറണാകുളം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സാമൂഹിക മുന്നേറ്റമുന്നണി. കേരള നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച് രഞ്ജിത്ത് നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ നടത്തിയത് തികച്ചും ആക്ഷേപകരമായ പരാമർശമാണെന്ന് സാമൂഹിക മുന്നേറ്റമുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന സെപ്തംബർ 14ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ സാമൂഹിക മുന്നേറ്റമുന്നണി പ്രതിഷേധം സംഘടിപ്പിക്കും. കൂടാതെ നിയമനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യും. പ്രതിഷേധം ശിവഗിരി മഠാധിപതിയും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.
വേലായുധപ്പണിക്കരുടെ ജീവിതം അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയായ പത്തൊമ്പതാംനൂറ്റാണ്ടിനെ ചവറിന്റെ സിനിമയെന്നാണ് രഞ്ജിത്ത് വിശേഷിപ്പിച്ചത്. കൂടാതെ ചിത്രത്തിന് അവാർഡ് നിർണ്ണയ വേളയിൽ വേണ്ടത്ര പരിഗണന നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. ഇടപെടൽ ശരിവയ്‌ക്കുന്ന തെളിവുകളും വിനയൻ പുറത്ത് വിട്ടിരുന്നു. ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളാണ് വിനയൻ പരസ്യമാക്കിയത്.
മാപ്പ് അർഹിക്കാത്ത പ്രവർത്തിയാണ് അക്കാദമി ചെയർമാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സാമൂഹ്യമുന്നണി നേതാക്കൾ പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് യോജിച്ച പ്രവർത്തിയല്ലിത് . ഇത്തരത്തിലുള്ള വ്യക്തി ആ സ്ഥാനത്ത് തുടരുന്നത് സാംസ്‌ക്കാരിക കേരളത്തിന് നാണക്കേടാണ്. രഞ്ജിത്ത് പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കിൽ സമര ശക്തമാക്കാനാണ് സാമൂഹിക മുന്നേറ്റ മുന്നണിയുടെ തീരുമാനം.
Comments