എറണാകുളം: അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ് ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിന്റെ കേരള അമീറായി നബീൽ എന്ന സെയ്ദ് നബീൽ അഹമ്മദ് എത്തിയതെന്ന് എൻഐഎ കണ്ടെത്തി. ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് വഴിയെന്നും എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി.
ഭീകര സംഘടനയായ ഐ എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്ന റാഷിദ് അബ്ദുള്ള ഭീകരപ്രവർത്തനത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഖൊറോസൻ പ്രവിശ്യയിൽ നിന്നുള്ള ഐ എസിന്റെ ടെലിഗ്രാം സന്ദേശത്തിലായിരുന്നു കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ റാഷിദ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നത്. 2016 ജൂണിലായിരുന്നു റാഷിദ് അബ്ദുള്ള ഉൾപ്പെടുന്ന 21 അംഗ സംഘം ഐ എസിൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ പോയത്. ഐ എസിന്റെ കേരള അമീറായി അവരോധിക്കപ്പെട്ട റാഷിദിന് പിൻഗാമിയെ കണ്ടെത്തുകയായിരുന്നു നബീൽ അഹമ്മദിലൂടെ ഐ എസ് കേരള ഘടകം.
വി പി എൻ ഉപയോഗിച്ചായിരുന്നു ഐഎസ് കേരള മൊഡ്യൂളിലെ ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ. പെറ്റ് ലവേഴ്‌സ് അടക്കം നിരവധി ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും ഐ എസിലേക്ക് പുതുതായി ഭീകരവാദ ആശയക്കാരെ എത്തിച്ചു. പല ടെലിഗ്രാം ഗ്രൂപ്പുകളും ചെറിയ കാലയളവിൽ മാത്രമാണ് ഉപയോഗിച്ചിരുന്നത്. സ്‌ഫോടനങ്ങൾക്ക് നിരന്തരമായ തയ്യാറെടുപ്പുകൾ ഭീകര സംഘങ്ങൾ നടത്തിയിട്ടുണ്ട്. നബീൽ, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരായിരുന്നു ഐ എസ് കേരള മൊഡ്യൂളിന്റെ നേതൃത്വം. ക്യാമറയ്‌ക്ക് മുന്നിൽ ഐ എസിന്റെ മുദ്രകൾ ഉയർത്തിക്കാണിച്ചായിരുന്നു അറസ്റ്റിലായ നബീൽ കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. വ്യാജരേഖകളിൽ ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് സെയ്ത് നബീൽ അഹമ്മദ് പിടിയിലായത്.















