ധരംശാലയിൽ നിന്ന് അവരോഹണങ്ങളിലേക്ക് ടാക്സി പായുമ്പോൾ വഴിയോരക്കാഴ്ചകൾ കണ്ട് എന്റെ മനസ്സ് മയങ്ങിയിരിക്കുന്നു, ടാക്സിയിൽ ആവർത്തിച്ചു കേൾക്കുന്ന ഒരേ ഗാനത്തിന്റെ വിരസതകൊണ്ട് എന്റെ സുഹൃത്തും ആകപ്പാടെ മയങ്ങിയിരിക്കുന്നു. പുറത്തെ കാഴ്ചകൾ തന്നെ മതി നമുക്കുല്ലസിക്കാൻ ഒരു ഗാനത്തിന്റെ അകമ്പടി ആവശ്യമില്ല. മലയാളക്കരയോട് നേരിയ സാദൃശ്യമുള്ളതുപോലെ വീടിനു ചുറ്റും കൃഷിയിടങ്ങളും, ഇടവേളകളിൽ നാലഞ്ച് കടകളും, ഉൾനാട്ടു പാതകൾ സംഗമിക്കുന്ന അങ്ങാടികളും, ചേർന്ന ഗ്രാമാന്തരീക്ഷം. പൈൻമരക്കാടുകളും, ചെമ്മൺകൂനകളും, പങ്കമില്ലാതൊഴുകും നദികളും, ഹിമാചല ഭൂമിയ്‌ക്ക് കിട്ടിയ സ്ത്രീധനങ്ങൾ.ഏകദേശം അമ്പത്തൊന്നു കിലോമീറ്റർ ദൂരം പിന്നിട്ടു ജ്വാലാമുഖിയെന്ന പട്ടണത്തിലെത്തി. ഭാരതത്തിലെ പഞ്ചാശത് പീഠങ്ങളിൽ പ്രധാനപ്പെട്ട ജ്വാലാമുഖി ക്ഷേത്രവുമായി ബന്ധപ്പെട്ടു രൂപപ്പെട്ട ഒരു ചെറുപട്ടണം. ഭാരതത്തിലെമ്പാടുമുള്ള വിശ്വാസികൾ ഇവിടെ ദർശനം നടത്താറുള്ളതുകൊണ്ട് പത്താൻകോട്ട്, ലുധിയാന, സിംല തുടങ്ങി പല പ്രധാന നഗരങ്ങളിൽ നിന്നും വേണ്ടുവോളം ഗതാഗത സൗകര്യം ഇവിടേയ്‌ക്കുണ്ട്. ജ്വാലാമുഖി റോഡ് എന്ന പേരിൽ ഒരു റെയിൽവേ സ്റ്റേഷനും. മുഖ്യപാതയ്‌ക്കരുകിലുള്ള ക്ഷേത്രനാമം എഴുതിയ കവാടത്തിനു മുന്നിൽ ഇറങ്ങി. അല്പം ഉയരത്തിലാണ് ക്ഷേത്ര സമുച്ചയം. അവിടേയ്‌ക്കെത്തിപ്പെടാൻ ഏതാനും പടവുകൾ കയറണം.
ക്ഷേത്ര പരിസരത്ത് ഒരു കോണിൽ ദേവീ ഭജനകളുമായി ഒരു സംഘം. ഹാർമോണിയം, സാരംഗി,കൈമണി തുടങ്ങിയ ഭജനക്കാരുടെ പതിവ് സംഗീതോപകരണങ്ങൾക്കു പകരം അത്യാധുനിക രീതികൾ പ്രയോജനപ്പെടുത്തിയുള്ള ഭജന മേള . അശ്രു തോരാതെ ക്ഷേത്രാങ്കണത്തിൽ നൃത്തമാടുന്നംഗനമാർ അങ്ങനെ. ദേവിയ്‌ക്കുള്ള തിരുമുൽക്കാഴ്ചകളും പരിദേവനങ്ങളുമായി ദർശനത്തിനു കാത്തു നിൽക്കുന്ന ഭക്ത സമൂഹത്തിന്റെ നീണ്ട നിരയിൽ ഞങ്ങളും ഇടം പിടിച്ചു. തൊട്ടടുത്തു നിന്ന വൃദ്ധ മാതാവ് ഉച്ചത്തിൽ ഹിന്ദിയിൽ ദേവീ ഗാനങ്ങൾ പാടുന്നു. വരിയിൽ നിന്ന് ക്ഷീണിച്ച മറ്റുള്ളവരെ പാടാൻ പ്രേരിപ്പിച്ചും കരയുന്ന കുഞ്ഞുങ്ങളെ പാട്ടിനിടയിൽ മുഖത്ത് ചില ഭാവങ്ങൾ വരുത്തി സന്തോഷിപ്പിച്ചും അവർ മറ്റുള്ളവരിൽ ഉത്സാഹം ജനിപ്പിക്കുന്നു. അടുത്ത് നിന്ന എന്നോടും ഏറ്റുപാടാൻ ചുമലിൽ തലോടി ആവശ്യപ്പെട്ടപ്പോൾ ‘ ഞാൻ അങ്ങ് ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ളതാണെന്നു വിനയാൻവിതനായി പറഞ്ഞു. ‘ തോ ക്യാ ഹുവാ? ‘… അവരുടെ പ്രതി വചനം കേട്ടു മനസ്സിലാലോചിച്ചു ‘ ആദി ശങ്കരന്റെയോ നാരായണ ഗുരുവിന്റെയോ വക സ്തോത്രങ്ങളോ ഇങ്ങേയറ്റം പാപനാശം ശിവന്റെ കീർത്തനങ്ങളോ,പാടാൻ അറിയില്ലെങ്കിലും ഒരു പിടി പിടിക്കാം കുറഞ്ഞ പക്ഷം കല്ലട ഭാർഗവന്റെ ഭജനപ്പാട്ടെങ്കിലും., ഇതിപ്പോൾ ഹിന്ദി ആയി പോയി!!! ” മാതാ റാണി കി ദർശൻ കേലിയെ ഖാലി ഹാത് സെ ക്യോം ആയ? ( വെറും കയ്യോടെ ആണോ ദേവീ ദർശനത്തിന് വന്നിരിക്കുന്നത് ) എന്നും പറഞ്ഞു അവരുടെ പക്കലുണ്ടായിരുന്ന പൂജാ ദ്രവ്യങ്ങളിൽ ചിലതു എന്റെ കൈകളിലേക്ക് തന്നു. ” ഹൈപ്പർ ആക്റ്റീവ് ആയൊരു അമ്മാമ.. നിന്നെ വല്യ കാര്യം ആയീലോ.. ” തൃശ്ശിവപേരൂർ പ്രാന്ത മൊഴിയിൽ എന്റെ സുഹൃത്ത് പറഞ്ഞു. ” നിറവുള്ളൊരു അമ്മച്ചി തന്നെ ” സ്യാനന്ദൂര ഗ്രാമ്യ മൊഴിയിൽ ഞാനും പറഞ്ഞു.
വിഖ്യാതമായ ക്ഷേത്രമെങ്കിലും വാസ്തു വിശേഷം എടുത്തു പറയത്തക്ക ക്ഷേത്ര പ്രാകാരങ്ങളോ നിർമ്മിതികളോ ഇവിടെയില്ല. സാമാന്യം വലിപ്പമുള്ള ശ്രീകോവിലിനുള്ളിൽ കയറി എല്ലാവർക്കും മുഖ്യ ദേവതാ സ്ഥാനം തൊട്ടു നമസ്കരിക്കാം. ശ്രീകോവിലിനു മുന്നിലായി ഉഗ്ര ഭാവത്തിൽ വാ പിളർന്നു നിൽക്കുന്ന അഞ്ചാറു സിംഹങ്ങളുടെ ലോഹ പ്രതിമകളുണ്ട്. ആ ഭാഗത്തു എത്തുമ്പോഴേക്കും തിരക്ക് കൂടി കോവിലിനുള്ളിലെ ചെറിയ വാതില് കടക്കാൻ പലരും പ്രയാസപ്പെടുന്നു. ഒരു ദ്വാര പാലകനെ പോലെ ഓരോരുത്തരോടും ” ജായിയെ ” പറഞ്ഞു ഞാൻ ഒതുങ്ങിയാ വാടത്തു നിൽക്കുമ്പോൾ വീണ്ടുമാ അമ്മച്ചി ” എയ്‌സ കൈസേ ചലേഗ ബേട്ട ” എന്നൊരു ശാസനയോടെ കൈയിൽ പിടിച്ചു വലിച്ചു കോവിലിനികത്തേക്ക് കടത്തി.
സ്രോതസ്സ് ഏതെന്നു അജ്ഞാതമായ ജ്യോതികളാണ് ഇവിടെ ദേവീ പ്രതീകങ്ങൾ. ഒൻപതു ജ്വാലകൾ കോവിലിനുള്ളിൽ ആരാധിക്കപ്പെടുന്നു. ആദ്യത്തേത് മുഖ്യ വാതായനത്തിന് അരികിൽ തന്നെ, അത് ചണ്ഡി ദേവിയെ പ്രതിനിധീകരിക്കുന്നു. തൊട്ടടുത്തുള്ള രണ്ടാമത്തെ ജ്വാല ബലൂചിസ്ഥാനിലുള്ള ശക്തിപീഠത്തിൽ ആരാധിക്കുന്ന ഹിന്ഗുലജ് ദേവിയുടെയും സമീപമുള്ള മൂന്നാമത്തേത് വിന്ധ്യവാസിനി ദേവിയുടെയും പ്രതീകങ്ങൾ ആണ്. ജ്വാലകളിൽ പ്രധാനപ്പെട്ട നാലാമത്തേത് മഹാകാളി സങ്കല്പത്തിലാണ്. ആ സ്ഥാനം സതീ ദേവിയുടെ നാവു നിപതിച്ച സ്ഥാനം എന്ന പരികല്പനയിലുള്ളതുമാകുന്നു. അലങ്കാര പണികളുള്ള ലോഹ കവചങ്ങൾ കൊണ്ട് അവിടം അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ജ്വാലയുടെ കടയ്‌ക്കലുള്ള ലോഹാവരണത്തിൽ ദശ വക്ത്ര കാളികാ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു താഴെ ഉള്ള ജ്വാല അന്നപൂർണേശ്വരി സങ്കല്പത്തിലുള്ളതാണ്. ഹവനസ്ഥാനത്തു എരിഞ്ഞും ഒടുങ്ങിയുമിരിക്കുന്ന രണ്ടു ജ്വാലകൾ മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും പ്രതീകങ്ങളാണ്. ഇനിയുള്ള രണ്ടെണ്ണം അംബിക, അഞ്ജന എന്നീ മാതൃ സങ്കൽപ്പങ്ങളുടേത്. ദർശനം കഴിഞ്ഞു മറ്റൊരു വാതിലിലൂടെ പുറത്തേക്കിറങ്ങി കോവിലിനു മുന്നിലെ മരഛായയിൽ അല്പം വിശ്രമിച്ചു.
കാടു മൂടിക്കിടന്ന ഇപ്രദേശത്തു കാലി മേച്ചു നടന്നവരാണത്രെ എണ്ണയും തിരിയുമില്ലാതെരിയുന്ന ജ്വാല ആദ്യമായി കണ്ടത്. ഇപ്രദേശം ഭരിച്ചിരുന്ന ഭൂമിചന്ദ്ര രാജാവ് ആദ്യമായി ഒരാലയം പണിതു ദേവിക്ക് സമർപ്പിച്ചു. ഒറ്റ ജ്വാലയെ ഒൻപതാക്കി വിഭജിച്ചത് ശങ്കരാചാര്യർ ആയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർ ക്രമപ്പെടുത്തിയെന്ന് കരുതുന്ന അഷ്ടാദശ ശക്തിപീഠങ്ങളിൽ ഒന്നുകൂടിയാണ് ജ്വാലാമുഖി. ജ്വാലയുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ പല കാലങ്ങളിൽ ഇവിടെ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്തു ക്ഷേത്രത്തിനു സമീപം ഘനനം ചെയ്തു നോക്കിയെങ്കിലും എണ്ണയുടെയോ മറ്റു പ്രകൃതി വാതകങ്ങളുടെയോ സാന്നിധ്യം ഇവിടെ കണ്ടെത്തിയിരുന്നില്ല. സ്വാതന്ത്ര്യാനന്തരം 1957 ഇൽ ONGC യും പരിസര പ്രദേശങ്ങളിൽ ഘനനം നടത്തിയിട്ടുണ്ട്.
ക്ഷേത്ര വളപ്പിലെ മറ്റൊരാലയം ദേവിയുടെ ശയ്യാഗൃഹമാണ്. മുഖ്യ ക്ഷേത്രത്തിനു അല്പം മുകളിലായി യോഗി ഗോരഖ് നാഥിനും ഒരു ആരാധനാ സ്ഥാനമുണ്ട്. പന്ത്രണ്ടു സംവത്സരം അദ്ദേഹം ഇവിടെ സാധനകളിൽ മുഴുകിയിരുന്നിട്ടുണ്ട്. വെണ്ണക്കല്ലിൽ തീർത്ത സാമാന്യം വലിപ്പമുള്ള ഗോരഖ്നാഥിന്റെ രൂപം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. യോഗി ഗോരഖിന്റെ ക്ഷേത്രത്തിനു മുകളിലായാണ് ഉഗ്ര താരയുടെ ക്ഷേത്രം.
അക്ബർ ചക്രവർത്തി നിർമിച്ച ഒരു ജല സംഭരണിയും പാത്തിയും ഇവിടെ കാണാം. അദ്ദേഹത്തിന്റെ ഭരണകാലത്തു ധ്യാനു ഭഗത് എന്നൊരു ദേവീ ഭക്തൻ ഡൽഹിയിൽ നിന്നും ഓരോ വർഷം ഭക്തജന സംഘവുമായി ജ്വാലാമുഖീ ദർശനം നടത്താറുണ്ടായിരുന്നത്രെ. ഒരിയ്‌ക്കൽ അദ്ദേഹത്തിന്റെ ജാഥയെ രാജഭ്രുത്യന്മാർ തടഞ്ഞു. യാത്രോദ്ദേശ്യത്തെ കുറിച്ചും ജ്വാലാമുഖി ക്ഷേത്രത്തെ കുറിച്ചും ധ്യാനു ഭഗതിൽ നിന്ന് നേരിട്ട് കേട്ട അക്ബർ ചക്രവർത്തി മറ്റെങ്ങുമില്ലാത്ത ഇങ്ങനൊരു മൂർത്തി വിശേഷത്തെ പരീക്ഷിച്ചറിയുന്നതിനു ജ്വാലാമുഖിയിൽ നേരിട്ടെത്തി. ഒരു ജല സംഭരണി ഉണ്ടാക്കിച്ചു തുടർച്ചയായി ജ്വാലകളിലേയ്‌ക്ക് ജലമൊഴുക്കി വിട്ടു അത് കെടുത്താൻ പരിശ്രമിച്ചെങ്കിലും പരീക്ഷണം വിജയിക്കാതെ പോയി. വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്‌ക്ക് മുകളിൽ ചൂടാറുള്ള ഒരു ഛത്രം അദ്ദേഹം ക്ഷേത്രത്തിലേയ്‌ക്ക് നിർമിച്ചു നൽകിയെങ്കിലും അത് സ്ഥാപിക്കുന്ന വേളയിൽ ഭംഗം വന്നു താഴെ പതിച്ചു. അതിപ്പോഴും ക്ഷേത്രത്തിൽ മറ്റൊരിടത്തു കാഴ്ച വസ്തുവായി സൂക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിനു സമീപത്തെ പട്ടണം ക്രമീകരിക്കുന്നതിനും സന്ദർശനം നടത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ കൊടുക്കുന്നതിനും വേണ്ട നടപടികൾ അദ്ദേഹം കൈകൊണ്ടു. ഇന്നും അവിടത്തെ അങ്ങാടിയിൽ ഒന്ന് അദ്ദേഹത്തിന്റെ പേരിലാണ്. സിഖ് സാമ്രാജ്യത്തിലെ മികച്ച ഭരണാധികാരിയെന്നു ഖ്യാതിയുള്ള രാജ രഞ്ജിത്ത് സിംഗ് ജ്വാലാമുഖിയിലെ നിത്യ സന്ദർശകനായിരുന്നു. അദ്ദേഹം സമാഹരിച്ച സ്വർണത്തിന്റെ പകുതിയോളം കൊണ്ട് ഹർ മന്ദിർ സാഹിബ് സ്വർണം പൂശുന്ന കാലത്തു ബാക്കി പകുതി വീണ്ടും രണ്ടാക്കി കാശി വിശ്വനാഥ ക്ഷേത്രത്തിനും ജ്വാലാമുഖി ക്ഷേത്രത്തിനും സംഭാവന ചെയ്തു. ശ്രീകോവിലിന്റെ മേൽക്കൂരയിലെ ഹേമ്യ കവചം അദ്ദേഹത്തിന്റെ സമർപ്പണമാണ്.
” ഉദ്യദ്ഭാനുസഹസ്രനൂതനജപാപുഷ്പപ്രഭം തേ വപു : ” ജ്വാലാമുഖി!!!
ഉച്ചവെയിൽ ക്ഷേത്രാങ്കണത്തിൽ കളമെഴുത്തു തുടങ്ങിരിയിരിക്കുന്നു. ദർശനം കഴിഞ്ഞു ക്ഷേത്ര പടവുകളിറങ്ങി. കോവിലിനകത്തു വച്ചു എന്റെ നെറ്റിയിൽ കുങ്കുമം തൊട്ടു തന്ന ആ അമ്മച്ചിയെ വീണ്ടും കണ്ടില്ല, അവരോടു മനസ്സിൽ നന്ദി പറഞ്ഞു. വീണ്ടുമൊരിയ്‌ക്കൽ ആ സന്നിധി കടന്നു ചെല്ലാനിടവന്നാൽ ഇതേ ഊർജ്ജസ്വലതയോടെ അവർ അവിടെ ഉണ്ടാകട്ടെ…..
എഴുതിയത് രവിശങ്കർ
Comments