എറണാകുളം: ചാന്ദ്ര ദൗത്യത്തിലൂടെ രാജ്യത്തിന് അഭിമാനം സമ്മാനിച്ച ഐഎസ്ആർഒ ശാസ്ത്രസംഘത്തെ ആദരിച്ച് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്. വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ ഉൾപ്പെടെ ചാന്ദ്ര ദൗത്യത്തിൽ പങ്കാളികളായ 55 പൂർവ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
1985-2018 കാലഘട്ടത്തിലായി കോളേജിൽ നിന്നും മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ്് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ നിന്നും ബിരുദം നേടിയവരെയാണ് ആദരിച്ചത്. മാർഗദർശികളായ ഗുരുക്കൻമാരാണ് ഏത് ശിഷ്യന്റെയും വിജയത്തിന്റെ ഊർജ്ജമെന്ന് ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ഇദ്ദേഹം 1985 ബാച്ചിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.
140 കോടി ഇന്ത്യക്കാരുടെ അഭിമാനം ചന്ദ്രനിൽ എത്തിച്ച പ്രതിഭകളോട് കടപ്പെട്ടിരിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സൂര്യനിലും ചൊവ്വയിലും സമുദ്രത്തിലുമെല്ലാം ചുവടുറപ്പിച്ച ഐഎസ്ആർഒയ്‌ക്ക് ലക്ഷ്യത്തിനായി അതിരുകളില്ലെന്ന വലിയ പാഠമാണ് ചന്ദ്രയാനെന്ന് അദ്ദേഹം പറഞ്ഞു.
Comments