ഹൈദരാബാദ്: ഇൻഡി സഖ്യത്തിലേക്ക് വിളിക്കാത്തതിൽ വിഷമമില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഐ.എൻ.ഡി.ഐ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളുമായി ചേർന്ന് ‘മൂന്നാം മുന്നണി’ രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തയ്യാറാകണമെന്നും ഒവൈസി പറഞ്ഞു. ദേശീയ മാദ്ധ്യമമായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ഒരു രാഷ്‌ട്രീയ ശൂന്യത നിലനിൽക്കുന്നുണ്ട്. ഒരു മൂന്നാം മുന്നണിക്ക് കെസിആർ നേതൃത്വം നൽകിയാൽ ആ ശൂന്യത നികത്തപ്പെടും. ആ വിടവ് ഇല്ലാതാക്കാൻ നിലവിലെ ഇൻഡി സഖ്യത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ബിഎസ്പി അദ്ധ്യക്ഷ മായാവതി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മഹാരാഷ്‌ട്രയിലെയും നിരവധി പാർട്ടികൾ എന്നിവ ഇൻഡി സഖ്യത്തിൽ അംഗങ്ങളല്ലെന്നും ഒവൈസി പ്രതികരിച്ചു. ഐ.എൻ.ഡി.ഐ സഖ്യത്തിൽ ചേരാൻ ക്ഷണം ലഭിക്കാതിരുന്നത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല കെസിആറുമായി മൂന്നാം മുന്നണി രൂപീകരിക്കാൻ ഒവൈസി നിർദേശിക്കുന്നത്. കെ. ചന്ദ്രശേഖർ റാവു നേതൃത്വം നൽകിയാൽ ചാടാൻ തയ്യാറുള്ള നിരവധി രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും രാജ്യത്തുണ്ടെന്ന് ഒവൈസി കഴിഞ്ഞ മാസവും പറഞ്ഞിരുന്നു.
Comments