തെന്നിന്ത്യയിൽ വളരെ ചുരുക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് അശോക് സെൽവൻ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അശോക് സെൽവൻ സാന്നിദ്ധ്യം അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം നടി കീർത്തി പാണ്ഡ്യനെ വിവാഹം കഴിച്ചത്. തിരുനൽവേലിയിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു വിവാഹ സൽക്കാരം നടന്നത്. ആഘോഷവേളയിലെടുത്ത കുറച്ച് മനോഹര ചിത്രങ്ങൾ അശോക് സെൽവൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ സുന്ദരിക്കൊപ്പം’ എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനുപിന്നാലെ വൻ സൈബർ ആക്രമത്തിനിരയായിരിക്കുകയാണ് താരദമ്പതികൾ.
കർത്തി പാണ്ഡ്യന്റെ സൗന്ദര്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ചുവടെ വന്നിരിക്കുന്നത്. എന്നാൽ കമന്റുകൾക്ക് മറുപടിയായി അശോകൻ സെൽവൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം മോശം കമന്റുകൾ പ്രചരിപ്പിക്കുന്നവർക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
സിനിമ ലോകത്തെ അധികം ഗോസിപ്പുകളിലൊന്നും ഇടംപിടിച്ചിട്ടില്ലാത്ത താരങ്ങളാണ് കീർത്തിയും അശോക് സെൽവനും. ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകർ വളരെ സർപ്രൈസായിട്ടാണ് അറിഞ്ഞത്. തമിഴ് നടൻ അരുൺ പാണ്ഡ്യന്റെ മകൾ കൂടിയാണ് കീർത്തി. അരുൺ പാണ്ഡ്യന്റെ പണവും സ്വാധീനവും കണ്ടാണ് അശോക് സെൽവൻ കീർത്തിയെ വിവാഹം ചെയ്തത് എന്ന് വരെ ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ കമന്റുകളായി എത്തുന്നുണ്ട്.
Comments