അവസാന ലോകകപ്പിനെ കുറിച്ച് വീകാരഭരിതനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരെന്ന നിലയ്‌ക്ക് ഇന്ത്യയെ പേടിക്കണമെന്നാണ് വിദേശ ക്രിക്കറ്റ് താരങ്ങൾ അടക്കമുളളവരുടെ അഭിപ്രായം. ഇന്ത്യ കിരീടമുയർത്തുമെന്ന് നായകൻ രോഹിത് ശർമ്മയ്‌ക്ക് ശേഷം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലിയും. 2023ലെ ലോകകിരീടം സ്വന്തമാക്കുന്നതിന് വേണ്ടി ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറയുകയാണ് വിരാട് കോഹ്ലി. താരങ്ങൾക്ക് ഊർജം പകരുന്നത് ആരാധകരാണെന്നും അവർക്ക് ഏറ്റവും മികച്ച ലോകകപ്പ് നിമിഷങ്ങൾ സമ്മാനിക്കാൻ ശ്രമിക്കുമെന്നും കോഹ്ലി പറഞ്ഞു.
‘ലോകകപ്പ് കിരീടം ഉയർത്താൻ കഴിവുളള താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരാധകർക്ക് ഈ ലോകകപ്പിൽ ഇതുവരെ നൽകാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കലാണ് ലക്ഷ്യം. നമ്മുടെ ആരാധകരുടെ ആവേശവും അചഞ്ചലമായ പിന്തുണയും ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിന് ഊർജം പകരുന്നു. കഴിഞ്ഞ ലോകകപ്പ് വിജയങ്ങളുടെ ഓർമകൾ, പ്രത്യേകിച്ച് 2011ലെ ഐതിഹാസിക വിജയം, ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്നു, ആരാധകർക്ക് പുതിയ ഓർമകൾ സമ്മാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – സ്വകാര്യ ചടങ്ങിനിടെയാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
ആരാധകരുടെ വികാരങ്ങൾ നേരിട്ട് കാണാനാകുന്ന ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണെന്നും അവരുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കാൻ ഞങ്ങൾ എല്ലാം മികച്ച് പ്രകടനം പുറത്തെടുക്കുമെന്നും താരം പറഞ്ഞു. 1983ലെയും 2011ലെയും ചരിത്രം ആവർത്തിക്കുന്നത് കാണാൻ ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് കാത്തിരിക്കുന്നത്. വിരാട് കോഹ്ലി ഉൾപ്പെടെയുളള മുതിർന്ന താരങ്ങളുടെ അവസാന ലോകകപ്പ് ആകാനാണ് സാദ്ധ്യത. അതിനാൽ ലോകകീരിടം നേടി ക്രിക്കറ്റിനോട് വിട പറയാനാകും മുതിർന്ന താരങ്ങൾ ആഗ്രഹിക്കുക.
Comments