ഇന്ത്യയിൽ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുമെന്ന് തായ് വാൻ കമ്പനിയായ ഫോക്‌സ്‌കോൺ . ഫോക്‌സ്‌കോണിന്റെ ഇന്ത്യൻ പ്രതിനിധി വെയ് ലി ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഈ വിവരം പങ്ക് വച്ചത് . പ്രധാനമന്ത്രി മോദിയുടെ 73-ാം ജന്മദിനത്തിൽ ആശംസകൾ നേരുന്ന പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത് .
അടുത്ത വർഷം ഇന്ത്യയിൽ നിക്ഷേപവും തൊഴിലവസരവും ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ലീ പറഞ്ഞു. കമ്പനിയുടെ തൊഴിൽ ശക്തി ഇരട്ടിയാക്കാനും വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വർദ്ധിപ്പിക്കാനും കൂടാതെ വരും വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുഴുവൻ ബിസിനസ് പ്രവർത്തനങ്ങളും വിപുലീകരിക്കാനും പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.
“ മോദിയുടെ നേതൃത്വത്തിൽ, ഫോക്‌സ്‌കോൺ ഇന്ത്യയിൽ ശരിയായ രീതിയിലും വേഗത്തിലും വളർന്നു. അടുത്ത വർഷം നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾക്ക് ഒരു വലിയ സമ്മാനം നൽകാൻ ഞങ്ങൾ കഠിനമായി പ്രയത്നിക്കും, ഇന്ത്യയിലെ തൊഴിൽ, എഫ്ഡിഐ, ബിസിനസ് വലുപ്പം എന്നിവ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ.“ അദ്ദേഹം കുറിച്ചു.ഇന്ത്യയിൽ ഫോക്‌സ്‌കോണിന്റെ വിപുലീകരണ പദ്ധതികളെ പിന്തുണയ്‌ക്കുന്നതിനും സുഗമമാക്കുന്നതിനും ഇന്ത്യൻ സർക്കാർ പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
തമിഴ്‌നാട്ടിൽ ഫോക്‌സ്‌കോണിന് ഐഫോൺ ഫാക്ടറിയുണ്ട്. 40,000 പേർ ഇതിൽ ജോലി ചെയ്യുന്നു.2023 ഓഗസ്റ്റിൽ കർണാടകയിൽ ഐഫോണുകൾക്കും ചിപ്പ് നിർമ്മാണ ഉപകരണങ്ങൾക്കുമുള്ള കേസിംഗ് ഘടകങ്ങൾ നിർമ്മിക്കുന്നതിനുള്ള രണ്ട് പദ്ധതികളിലായി 600 മില്യൺ യുഎസ് ഡോളർ അഥവാ 3,360 കോടി രൂപ നിക്ഷേപിക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ വളരെയധികം സാധ്യതകളുണ്ടെന്ന് ഫോക്‌സ്‌കോൺ ചെയർമാൻ ലിയു യംഗ്-വെ ഈ വർഷം ഓഗസ്റ്റിൽ പറഞ്ഞിരുന്നു. “മൾട്ടി ബില്യൺ ഡോളർ നിക്ഷേപം ഒരു തുടക്കം മാത്രമാണ്,” അദ്ദേഹം പറഞ്ഞു.
Comments