ലക്‌നൗ: വാരണസിയിൽ അത്യാധുനിക അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഭഗവാൻ ശിവന്റെ ഡമരുവിന്റെ ആകൃതിയിലാണ് മീഡിയ സെന്റർ. ത്രിശൂലത്തിന്റെ ആകൃതിയിൽ ഫ്‌ലഡ്ലൈറ്റുകൾ. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള റൂഫിംഗ് എന്നിവയാണ് സ്റ്റേഡിയത്തിന്റെ മാതൃകയായി നൽകിയിട്ടുള്ളത്. സെപ്തംബർ 23-ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിന് തറക്കല്ലിടും. നിർദിഷ്ട സ്റ്റേഡിയത്തിന്റെ രൂപകല്പനയും ഡ്രോയിംഗുകളും പൂർണമായതായി പ്രോജക്റ്റ് ചുമതല വഹിക്കുന്ന എൽ ആൻഡ് ടി അറിയിച്ചു.
450 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 30,000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ബിസിസിഐയുടെയും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെയും പങ്കാളിത്തത്തോടെയാണ് സ്റ്റേഡിയം പ്രാവർത്തികമാകുന്നത്. ചടങ്ങിൽ നിരവധി കായികതാരങ്ങളും പങ്കെടുക്കും. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കാശി സൻസദ് സാംസ്‌കാരിക മഹോത്സവത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ചടങ്ങിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.
സ്ഥലം ഏറ്റെടുക്കാൻ 120 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഡിയം നിർമാണത്തിന് 330 കോടിയും നൽകും. 450 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുന്നതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി തുറന്നുനൽകും. സ്റ്റേഡിയത്തോട് അനുബന്ധിച്ച് സമീപ പ്രദേശത്ത് വൻ വികസനമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Comments