ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ ശിവാലിക് മലനിരകളുടെ താഴ്‌വാരത്തുള്ള ഒരു ചെറുശൈലത്തിലാണ് ചിന്തപൂർണിയെന്ന ശക്തിപീഠം. ജ്വാലാമുഖിയിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്‌ക്ക്.
‘ധൂർജ്ജടീ വാമേതരാക്ഷിയ്‌ക്കു’ ഗോചരമാകാഞ്ഞതുകൊണ്ടോ അതിജീവനത്തിന്റെ കരുത്തുകൊണ്ടോ വേനലിൽ പോലും നരയ്‌ക്കാത്ത ഹരിത കമ്പളം മൂടിയ മേടുകൾ ഉച്ചനേരത്തെ ചിന്തപൂർണിയിലേക്കുള്ള യാത്രയിൽ ഇടയ്‌ക്ക് ഇടയ്‌ക്ക് കുളിരു പകർന്നുകൊണ്ടിരുന്നു. വഴികാട്ടിയും സാരഥിയുമായിരുന്ന ഹിമാചൽ സ്വദേശി ഉച്ചഭക്ഷണം കഴിഞ്ഞുള്ള അലസത ഒഴിവാക്കാനായി നല്ല വാചാലനായി തുടങ്ങി. ഹിമാചൽ പ്രദേശിൽ എത്തുന്ന ഹൈന്ദവരായ സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു തീർത്ഥാടന കേന്ദ്രമാണ് ചിന്തപൂർണി എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്നാട്ടിലുള്ള ഹൈന്ദവർ അധികവും ദേവീ ഭക്തന്മാരാണ്. പരിചയമുള്ളവർ പരസ്പരം കാണുമ്പോൾ ‘ ജയ് മാതാ ദീ ‘ എന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത് പിരിയുമ്പോഴും മാതൃ ദൈവത്തിനു ജയാരവം മുഴക്കും. ജീവിതത്തിലെ ഗതിവിഗതികളൊക്കെയും ‘ മാതാ റാണി കി ഇച്ഛ ‘ എന്നതാണ് അവരുടെ മതം.ആണ്ടിലൊരിക്കൽ ഉത്തര ദിക്കിലുള്ള ഒൻപതു ശാക്തേയ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പതിവും ഇവർക്കുണ്ട്. കാട്രയിലെ വൈഷ്ണോ ദേവി, ജ്വാലാമുഖി, ചിന്തപൂർണി, നൈന ദേവി, കാളികാ പീഠം, വജ്റേശ്വരി, ചാമുണ്ഡാ പീഠം, മനസാ ദേവി, ശാകംബരി എന്നിവയാണവ. ഇതിൽ വൈഷ്ണോ ദേവീ സ്ഥാനം, ജ്വാലാമുഖി, ചിന്തപൂർണി, ശാകംബരി പീഠം എന്നിവയ്‌ക്കു അധിക പ്രാധാന്യം നൽകി കാണുന്നു. സർവ്വാഭീഷ്ട വരദായിനി, സർവ്വ ദുഃഖ സംഹാരിണി എന്നൊക്കെ ഇഷ്ട ദേവതയെ അഭിസംബോധന ചെയ്യുന്നത് വിശ്വാസികളുടെ ഇടയിൽ പതിവാണ്. ഇത്തരം സംബോധനകൾ ഏറ്റവും യോചിച്ചത് ചിന്തപൂർണിയിലെ ശക്തിപീഠത്തിനാണെന്നു ഇവിടുത്തുകാർ ദൃഢമായി വിശ്വസിച്ചു പോരുന്നത് നിമിത്തമാണ് ‘ ചിന്തപൂർണി ‘ എന്ന നാമം ദേവതയ്‌ക്കുണ്ടായത്. ഇന്നിപ്പോൾ ക്ഷേത്ര പ്രതിഷ്ഠയും സങ്കേതവും എന്നല്ല ഈ പ്രദേശവും ചിന്തപൂർണി എന്ന പേരിൽ വിഖ്യാതമായിരിക്കുന്നു.
തന്ത്രശാസ്ത്രമനുസരിച്ചു പ്രചണ്ഡചണ്ഡിക എന്ന മഹാ വിദ്യയാണ് ചിന്തപൂർണിയിലെ പ്രതിഷ്ഠ സങ്കൽപം. പൂർണ വൈരാഗ്യ സിദ്ധിയ്‌ക്കും മറ്റുമായി താന്ത്രികർ ഉപാസിക്കുന്ന വിശിഷ്ടമായ ഒരു ദേവതാരൂപം. ഖണ്ഡിക്കപ്പെട്ട സ്വ ശിരസ്സ് കൈകളിൽ വഹിച്ചും ഗളത്തിൽ നിന്ന് പ്രവഹിക്കുന്ന രക്തധാരാത്രയത്തിൽ ഒന്ന് സ്വയം പാനം ചെയ്തു മറ്റു രണ്ടു ധാരകൾ ഡാകിനിയ്‌ക്കും വർണിയ്‌ക്കും പകർന്നും രതിമന്മഥരുടെ നട്ടെല്ലിൽ ചവിട്ടി നൃത്തമാടുന്ന ദേവതാ രൂപം ഉപാസനാ പദ്ധതിയുടേയും സാഫല്യത്തിന്റെയും ഗൂഡവഴികളുടെ സ്ഥൂല പ്രകാശനം ആണ്. ബൗദ്ധ തന്ത്രത്തിൽ ചിന്നമുണ്ട എന്നപേരിൽ പ്രസ്തുത ദേവതയുടെ ഒരു വകഭേദമുണ്ട്. ഇത്തരത്തിൽ ഗൂഡ പദ്ധതികൾ നിറഞ്ഞ ഉപാസനകൾ ഈ ദേവതയ്‌ക്കുണ്ടെങ്കിലും പരമ പ്രേമ ഭക്തിയോടെ ചിന്തപൂർണിയെ സമീപിക്കുന്ന വിശ്വാസികളാണ് ഇവിടെ അധികവും. ഉഗ്ര നരസിംഹത്തെ ധ്യാനിച്ചിരുന്ന പദ്മപാദർക്ക് മുന്നിൽ കാട്ടു വള്ളി കൊണ്ട് വരിഞ്ഞു നരസിംഹ മൂർത്തിയെ ഹാജരാക്കിയ വനവാസി യുവാവിന്റെ കഥയോർത്തുപോയി. ഉപാസനയ്‌ക്കായി ഇവിടെ എത്തുന്ന താന്ത്രികരും വജ്രായന ബൗദ്ധരും ഒട്ടും കുറവല്ല.
നിഴൽ കിഴക്കോട്ടു മാറി തുടങ്ങിയ നേരത്താണ് ചിന്തപൂർണി ക്ഷേത്രപരിസരത്തു എത്തി ചേരുന്നത്. ഇവിടെ എത്തിച്ചേരുവാൻ വേണ്ടുവോളം ഗതാഗതസൗകര്യങ്ങളുണ്ട്. വരുന്നവർക്ക് എല്ലാ സൗകര്യങ്ങളും കുറഞ്ഞ ചിലവിൽ ഒരുക്കികൊണ്ട് ധാരാളം ധർമ്മശാലകളും. അതുകൊണ്ട് തന്നെ ഹിമാചൽ പ്രദേശിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രമായിരിക്കുന്നു ചിന്തപൂർണി. ദർശനത്തിനെത്തിയവരുടെ നിര ചിലപ്പോൾ കിലോമീറ്ററുകൾ നീളുമെന്ന് വഴികാട്ടി പറഞ്ഞിരുന്നു. അന്നും വലിയ തിരക്കുണ്ടായിരുന്നു. മധുരപലഹാരങ്ങളും നാളികേരവും മറ്റും പുറത്തു നിന്ന് വാങ്ങി ദേവതാസ്ഥാനത്തു സമർപ്പിച്ചു പ്രസാദമായി തിരികെ സ്വീകരിക്കുന്ന രീതിയാണ് ഇവിടെയുള്ള ക്ഷേത്രങ്ങളിൽ പതിവ്. താമര തളികയിൽ പൊതിഞ്ഞെടുത്ത പ്രത്യേകതരം ഹൽവ അടങ്ങുന്ന ഒരു കൂട്ടം ദർശനം നടത്തുമ്പോൾ കയ്യിൽ കരുതി. ഈ മധുര പലഹാരമാണ് ഇവിടെ വിശേഷമായ പ്രസാദം എന്നാണ് അറിയാൻ കഴിഞ്ഞത്. ദർശനം നടത്തുന്നവരിൽ ധാരാളം സിഖ് മതസ്ഥരുമുണ്ട്. മുഖ്യ സങ്കേതത്തിലെത്താൻ ഏതാനും പടവുകൾ കയറണം. ഖണ്ഡിക്കപ്പെട്ട സതീദേഹത്ത് നിന്ന് തൃക്കാൽ പതിച്ച സ്ഥാനമായിട്ടാണ് ഈ ശക്തിപീഠത്തെ കരുതുന്നത്. മുഖ്യ കവാടത്തിനടുത്തു എത്തുന്നതിനു മുൻപായി ദേവീ പാദങ്ങൾ മുദ്രണം ചെയ്ത ഒരു വെണ്ണക്കൽ പീഠം സ്ഥാപിച്ചിട്ടുണ്ട്. പലരും അതിൽ തൊട്ടു വന്ദിക്കുന്നുമുണ്ട്. വാസ്തു വിശേഷം വർണിക്കത്തക്കതായ ഒരു നിർമ്മിതിയും ഇവിടെയില്ല. മുഖ്യ കവാടത്തിനു മുകളിൽ പ്രചണ്ഡചണ്ഡിക രൂപം കൊത്തിവച്ച ഒരു ഫലകം, പാർശ്വങ്ങളിൽ ദ്വാരപാലകരെ പോലെ ഹനുമാന്റെയും ഭൈരവന്റെയും രൂപങ്ങൾ, വാതിലുകളിൽ നവദുർഗ്ഗാ രൂപങ്ങൾ കൊത്തിവച്ച ലോഹ കവചങ്ങൾ. കവാടം കടന്നു അകത്തു പ്രവേശിച്ചാൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വട വൃക്ഷം. അതിന്റെ കടയ്‌ക്കലാണ് മുഖ്യ പ്രതിഷ്ഠ. ഒരാൾക്ക് കഷ്ടിച്ച് നിന്നു പൂജ ചെയ്യാവുന്നത്ര വിസ്തൃതിയെ ശ്രീകോവിലിനുള്ളൂ. മുഖ്യ വാതിലിനു പുറമേ ഇരു വശങ്ങളിലുമായി വലിയ വാതായനങ്ങളുമുണ്ട്. സമീപസ്ഥങ്ങളായ മറ്റു ശക്തി പീഠങ്ങളിലേതുപോലെ വളരെ ചെറിയൊരു ശിലാഖണ്ഡമാണ് മുഖ്യ പ്രതിഷ്ഠ ( പിണ്ഡി ). പിണ്ഡി സ്വർണ കിരീടം ചാർത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു വച്ചിരിക്കുന്നു. ഹേമകവചമുള്ള മേൽക്കൂര അടങ്ങുന്ന ശ്രീകോവിൽ വട വൃക്ഷത്തോട് ചേർന്നു തന്നെ പണികഴിപ്പിച്ചിരിക്കുന്നു. ഒരു വശത്തു മുഴുവൻ താങ്ങു വേരുകൾ കൊണ്ട് ഒരു വള്ളിക്കുടിൽ രൂപപ്പെട്ടിരിക്കുന്നു. ഗണപതിയുടേത് അടക്കം ഏതാനും ശിലാ വിഗ്രഹങ്ങൾ അവിടെ പൂജിക്കപ്പെടുന്നുണ്ട്. ഏതാനും ദശകങ്ങൾക്ക് മുൻപ് പ്രതിഷ്ഠിക്കപ്പെട്ട സന്തോഷി മാതാ യുടെ മനോഹര ബിംബം ശ്രീകോവിലിനു വലതു വശത്തായി സവിശേഷ ശ്രദ്ധ നേടുന്നുണ്ട്.
പിണ്ഡി രൂപത്തിൽ ദേവതയെ ആരാധിച്ചു തുടങ്ങിയത് ഏതു കാലഘട്ടം മുതലാണെന്നതു നിർണ്ണയിക്കുക പ്രയാസമാണ്. പക്ഷേ ചിന്തപൂർണി ക്ഷേത്ര സങ്കേതമായി ഉയർന്നു വന്നതിനെ കുറിച് ഒരു ഐതീഹ്യം പ്രചാരത്തിലുള്ളത് പഞ്ചാബിലെ പാട്യാലയ്‌ക്ക് സമീപം ജീവിച്ചിരുന്ന മായീ ദാസൻ എന്നൊരു ദേവീ ഭക്തനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സ്വ പിതാവിൽ നിന്നും ദേവിയുപാസനയുടെ പ്രഥമ പാഠങ്ങൾ സിദ്ധിച്ച അദ്ദേഹം നന്നേ ചെറുപ്പത്തിൽ തന്നെ ആത്മീയ സമ്പന്നതയിലേക്കുള്ള പാതയിൽ സഞ്ചരിച്ചുകൊണ്ട് ലൗകിക ജീവിതത്തോട് വിരക്തനായി തീർന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ വിയോഗ ശേഷം തന്റെ ജ്യേഷ്ഠ സഹോദരന്മാർ രണ്ടു പേരും കുടുംബ സ്വത്തു കൈക്കലാക്കി മായീ ദാസിനെ വീട്ടിൽ നിന്ന് പുറംതള്ളി. സ്വന്തമെന്നു കരുതാൻ ഭൂമിയിലുണ്ടായിരുന്ന അവസാനത്തെ ഭൗതീക ബന്ധനവും അറ്റുപോയപ്പോൾ ദേശം വിട്ടു അദ്ദേഹം എവിടേയ്‌ക്കെന്നില്ലാതെ അലഞ്ഞു നടന്നു. അന്ന് ചാപ്രോ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഒരു വിജന ഭൂമിയായിരുന്നു. യാത്രയ്‌ക്കിടയിൽ ക്ഷീണം തോന്നിയതുകൊണ്ട് ഇവിടെ കണ്ട വട വൃക്ഷ ഛായയിൽ കിടന്നുറങ്ങി. വൃക്ഷത്തിന് ചുവട്ടിൽ ആരാധ്യമായൊരു പിണ്ഡിയിൽ തന്റെ ഇഷ്ട ദേവതയുടെ സാന്നിധ്യമുണ്ടെന്നും ഇനിയുള്ള കാലം ഉപാസന ഇവിടെ തന്നെ മതിയെന്നുമുള്ള നിർദ്ദേശം കന്യാരൂപം പൂണ്ട ഭഗവതി സ്വപ്നത്തിൽ അദ്ദേഹത്തോട് പറഞ്ഞുവത്രെ! സ്വപ്നമായതുകൊണ്ട് അത് അവഗണിച്ചെങ്കിലും വീണ്ടും നിദ്രയുടെ പല യാമങ്ങളിൽ അത് ആവർത്തിക്കപ്പെട്ടതുകൊണ്ട് അദ്ദേഹം ചൈതന്യം പേറുന്ന പിണ്ഡി അന്വേഷിച്ചു കണ്ടെത്തി.അവിടെ നിത്യോപസന ചെയ്തു കഴിഞ്ഞു കൂടാൻ തയ്യാറായാ അദ്ദേഹത്തിന് ജല ദൗർലഭ്യം ഒരു പ്രശ്നമായി തീർന്നു. ഇഷ്ട ദേവതയോടുള്ള പ്രാർത്ഥനയിൽ അതും പരിഹരിക്കപ്പെട്ടു. അവിടെ നിന്ന് അല്പം മാറി ഒരു സ്ഥാനത്തു ശിലാ പാളി അടർത്തി മാറ്റിയപ്പോൾ നീരുറവ രൂപ പ്പെട്ടു. ഇന്ന് ചിന്തപൂർണിയിലെ പവിത്ര തീർത്ഥമായി അത് പരിഗണിക്കപ്പെടുന്നു. തീർത്ഥ സ്ഥാനത്തിനു അരുകിൽ ഇപ്പോൾ ഒരു ചെറിയ ശിവ ക്ഷേത്രവുമുണ്ട്. അവിടെ സന്ദർശിക്കുന്നവർ കുളത്തിലെ തീർത്ഥമെടുത്തു ശിവലിംഗത്തിനു നേരിട്ട് അഭിഷേകം നടത്താറുണ്ട്. ഏകദേശം ഒൻപതു നൂറ്റാണ്ടു മുൻപാണ് മായീ ദാസൻ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിനും ക്ഷേത്ര വളപ്പിൽ ആരാധ്യമായൊരു സ്ഥാനം കൽപ്പിക്കപ്പെട്ടിരിക്കുന്നു.
ക്ഷേത്രത്തിനു അകത്തളത്തിൽ ഒരു കോണിൽ കൊട്ടും പാട്ടുമായി ഒരു കൂട്ടം ഇരിക്കുന്നു. ദേവീ ദർശനം കഴിഞ്ഞു എത്തുന്ന പലരും കൊട്ടിനൊത്ത വിധം ആനന്ദ നൃത്തം ചവിട്ടുന്നു. ഏതാനും ഹവനകുണ്ഡങ്ങളുണ്ട്, അതിൽ വാസനകൾ ഹോമിച് താന്ത്രികരും പ്രാർത്ഥനകൾ പ്രകാശിപ്പിച്ചു ലൗകികരും ചുറ്റുപാടുമായി. ശ്രാവണ, ചൈത്ര, അശ്വിന നവരാത്രികൾ ഇവിടെ ആഘോഷിക്കപ്പെടുന്നു.
സായാഹ്ന സൂര്യൻ കുങ്കുമാർച്ചനയ്‌ക്കെതാറായി. ഇനി മടക്കം. ചിന്തപൂർണിയിലെ നാല് ദിക്കിലുള്ള ശൈവ സാന്നിധ്യങ്ങളെ അവിടെ നിന്ന് സ്മരിച്ചുകൊണ്ട് പടിയിറക്കം ( മുച്കുന്ദ്, കാലേശ്വര്, ശിവ ബാരി, നാരായൺ എന്നീ നാല് ശിവ ക്ഷേത്രങ്ങൾ ചിന്ത പൂർണിയുടെ നാല് ദിക്കിലുമായി സ്ഥിതി ചെയ്യുന്നു.
എഴുതിയത്
രവിശങ്കർ