വാഷിംഗ്ടൺ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ യുഎസിലെ ഖലിസ്ഥാനി ഭീകരരും കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് നൽകി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ .
ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ–യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്‌ക്കു വെടിയേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. 2 അജ്ഞാതരാണു വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണു റിപ്പോർട്ട്.
നിജ്ജാർ കൊല്ലപ്പെട്ടതിന് ശേഷം തനിക്കും കാലിഫോർണിയയിലെ മറ്റ് രണ്ട് സിഖ് അമേരിക്കക്കാർക്കും എഫ്ബിഐയിൽ നിന്ന് കോളുകൾ വന്നതായി അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയുടെ കോർഡിനേറ്റർ പ്രിത്പാൽ സിംഗ് പറഞ്ഞു. “ജൂൺ അവസാനത്തിൽ രണ്ട് എഫ്ബിഐ പ്രത്യേക ഏജന്റുമാർ എന്നെ സന്ദർശിച്ചു, എന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവർക്ക് വിവരം ലഭിച്ചതായി എന്നോട് പറഞ്ഞു. ഭീഷണി എവിടെ നിന്നാണ് വരുന്നതെന്ന് അവർ ഞങ്ങളോട് പ്രത്യേകം പറഞ്ഞില്ല, പക്ഷേ ഞാൻ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു,” – പ്രിത്പാൽ സിംഗ് പറഞ്ഞു.
മറ്റ് രണ്ട് സിഖ് അമേരിക്കക്കാരും എഫ്ബിഐ ഏജന്റുമാർ തങ്ങളെ സന്ദർശിച്ചതായി വ്യക്തമാക്കി .ജൂണിൽ നിജ്ജാർ കൊല്ലപ്പെടുന്നതിന് മുമ്പ് ജീവൻ അപകടത്തിലാണെന്ന് കനേഡിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഖലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി മുന്നറിയിപ്പ് ലഭിച്ചവരിൽ ഒരാളായ ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാരാ കൗൺസിൽ വക്താവ് മോനീന്ദർ സിംഗ് പറഞ്ഞു.
“ഞങ്ങൾ വധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അവർ ഞങ്ങളോട് പറഞ്ഞു, എന്നാൽ ഭീഷണി ഇന്ത്യൻ ഇന്റലിജൻസിൽ നിന്നാണെന്ന് അവർ ഒരിക്കലും പറഞ്ഞില്ല ,” മൊനീന്ദർ സിംഗ് കൂട്ടിച്ചേർത്തു.നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെയും (എസ്എഫ്ജെ) ഭാഗമായിരുന്ന നിജ്ജാറിനെ 2020ലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.