മസ്‌കറ്റ്: ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി സംഘാടകർ. ‘ലയം 2023’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബർ ആറിനാണ് നടത്തുന്നത്. വാർത്താ സമ്മേളനത്തിലൂടെയാണ് സംഘാടകർ പരിപാടി സംഘടിപ്പിക്കുന്നതായി അറിയിച്ചത്.
ചലച്ചിത്ര സംവിധായകൻ കെ മധുവാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ ലൈവ് കോൺസർട്ടാണ് പരിപാടിയുടെ പ്രധാന ആകർഷണം. വാർഷിക പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട് മുഖ്യ പ്രായോജകരാകുന്ന പരിപാടി എൻഎച്പി ഇവന്റസിന്റെ നേതൃത്വത്തിലാണ് നടക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
2013-ൽ രൂപീകൃതമായതാണ് ഹരിപ്പാട് കൂട്ടായ്മ. ജീവകാരുണ്യ -സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായാണ് സംഘം പ്രവർത്തിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ പരിധിയിൽപ്പെട്ട ഹരിപ്പാട് ദേശവാസികളുടെ കൂട്ടായ്മയായാണ് ഇത് ആരംഭിച്ചത്. 11-ാം വർഷത്തിലേക്ക് കടക്കുന്ന ഈ കൂട്ടായ്മ ഒമാന്റെ മണ്ണിൽ മറ്റ് സംഘടനകൾക്കൊപ്പം വളരുകയും മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്ത് ഹരിപ്പാട് ദേശവാസികൾക്ക് അഭിമാനകരമായി മാറി.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തികൊണ്ട് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുമ്പോട്ട് പോകുകയാണ്. 2018-ലുണ്ടായ പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ വേണ്ട സഹായം നൽകുവാൻ സാധിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊറോണ മഹാമാരിയുടെ സമയത്ത് ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് ഒമാനിലും, നാട്ടിലും വേണ്ട സഹായങ്ങൾ ചെയ്യുവാനും കൂട്ടായ്മ പ്രവർത്തിച്ചു.
കൂട്ടായ്മയിൽ അംഗത്വം ഉള്ളവർക്കായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ നാളുകളിൽ കൂട്ടായ്മയോട് മസ്‌കറ്റിലുള്ള മാദ്ധ്യമപ്രവർത്തകർ കാണിച്ചിട്ടുള്ള സഹകരണം വാക്കുകൾക്ക് അതീതമാണെന്നും പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും മാദ്ധ്യമ പ്രവർത്തകരുടെ പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് – സുരാജ് രാജൻ, ഒമാൻ രക്ഷാധികാരി – രാജൻ ചെറുമനാശ്ശേരി, സെക്രട്ടറി- ജോർജ് മാത്യു, ജോയിന്റ്‌സെക്രട്ടറി- ധന്യ ശശി, ട്രഷറർ – അജു ശിവരാമൻ , പ്രോഗ്രാം കൺവീനർ – വിജയ് മാധവ് എന്നിവർ പറഞ്ഞു.