ബാലി: ഹിന്ദുക്കളുടെ വിശുദ്ധ ചടങ്ങായ ‘ന്യെപി’യെ അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്ത സ്വിസ് പൗരന് ഒരു വര്‍ഷം തടവ്. 26കാരനായ ലൂസിയാന്‍ ആന്‍ഡ്രിന്‍ ഗ്രാഗ്ഗെന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. മാര്‍ച്ച് 19നായിരുന്നു ബാലിയിലെ ന്യെപി ചടങ്ങ്. ഈ ദിവസം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയും ജോലിയും വിനോദ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുകയും ചെയ്യുന്നതാണ് ആചാരം. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിജനമായ ബീച്ചിലൂടെ സഞ്ചരിച്ച ലൂസിയാന്‍ ന്യെപിയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പോടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് മാര്‍ച്ചില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ന്യെപി ദിനത്തില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതിലുള്ള നിരാശയും ദേഷ്യവുമാണ് വീഡിയോ ചെയ്യാന്‍ കാരണമായതെന്ന് ലൂസിയാന്‍ കോടതിയില്‍ പറഞ്ഞു. ബാലിയിലെ ജനങ്ങളോട് മാപ്പ് ചോദിച്ച അദ്ദേഹം ചെയ്ത പ്രവൃത്തിയില്‍ ഖേദിക്കുന്നതായും വ്യക്തമാക്കി. ന്യെപിയുടെ നിയന്ത്രണങ്ങളെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കിയിരുന്നില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
എന്നാല്‍ ലൂസിയാന്റെ പ്രവൃത്തി ബാലിയിലെ ജനങ്ങളുടെ മതവിശ്വാസത്തെ മുറിപ്പെടുത്തുകയും വലിയ പൊതുജനരോഷത്തിന് കാരണമാവുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഒരു വര്‍ഷത്തെ തടവ് വിധിച്ചത്. ബാലിയിലെ ഹിന്ദുക്കള്‍ 24 മണിക്കൂര്‍ പൂര്‍ണമായ നിശബ്ദത പാലിക്കുന്ന ദിനമാണ് ന്യെപി. ഈ ദിവസം വിമാനത്താവളം അടച്ചിടുകയും ഇന്റര്‍നെറ്റ്, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
മതമോ ദേശീയതയോ പരിഗണിക്കാതെ ഈ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. ആചാരങ്ങള്‍ ലംഘിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ മുന്‍പും ബാലിയില്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ആചാരങ്ങളോടുള്ള അനാദരവിനെതിരെ അധികൃതര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന്റെ സൂചന കൂടിയാണ് പുതിയ നടപടി.















