ടെഹ്‌റാൻ: ഇറാനിൽ വീണ്ടും ഹിജാബ് വിവാദം. അമേരിക്കയുമായുള്ള യുദ്ധം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്‌ക്കിടെയാണ് ഹിജാബ് നിയമം കൂടുതൽ കർശനമായി നടപ്പാക്കണമെന്ന ആവശ്യവുമായി യാഥാസ്ഥിതിക വിഭാഗങ്ങൾ രംഗത്തെത്തിയത്. അടുത്തിടെ യുദ്ധവിരുദ്ധ പരിപാടികളിൽ ഹിജാബ് ധരിക്കാതെ സ്ത്രീകൾ പങ്കെടുത്തതാണ് ഇവരെ ചൊടിപ്പിച്ചത്.
അതേസമയം, നിരവധി ഇറാനിയൻ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാതെ പ്രതിഷേധം തുടരുകയാണ്. സോഷ്യൽ മീഡിയയിലും ഇത് പടർന്ന് പിടിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ച് ഹിജാബില്ലാതെ ടെഹ്‌റാനും മറ്റ് നഗരങ്ങളിലുമുള്ള സ്ത്രീകൾ സ്കൂട്ടറിലും മോട്ടോർബൈക്കുകളിലും സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതോടെ ഹിജാബ് നിയമം കർശനമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. പിന്നാലെ ഹിജാബ് നിയമം പാലിച്ചില്ലെന്നാരോപിച്ച് കഫേകൾ, റസ്റ്ററന്റുകൾ, വസ്ത്രശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന നടപടികൾ ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാനിൽ നിർബന്ധിത ഹിജാബ് നിയമം 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം നിലവിലുണ്ട്. രാജ്യത്തെ ഇസ്‌ലാമിക് പെനൽ കോഡിലെ ആർട്ടിക്കിൾ 638 പ്രകാരം പൊതുസ്ഥലങ്ങളിൽ ‘ഇസ്‌ലാമിക ഹിജാബ്’ ഇല്ലാതെ പ്രത്യക്ഷപ്പെടുന്നത് കുറ്റകരമാണ്.
അതേസമയം, ഹിജാബ് നിയമം കർശനമായി നടപ്പാക്കുന്നതിനെതിരെ രാജ്യത്തിനകത്തുനിന്നും വിമർശനം ഉയരുന്നുണ്ട്. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തിൽ വിലക്കയറ്റവും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും പരിഹരിക്കുന്നതിന് പകരം ഹിജാബിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നു.














