ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം പുത്തൻ ചുവടുവെപ്പുമായി ഐഎസ്ആർഒ. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കാലുകുത്തിയതിന് പിന്നാലെ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ എത്തിക്കുന്ന ദൗത്യത്തിനൊരുങ്ങുകയാണ് ഇസ്രോ. ഇതിന് മുന്നോടിയായാണ് സെപ്റ്റംബർ മൂന്നിന് ലാൻഡറിന്റെ ‘ ഹോപ്പ് പരീക്ഷണം’ എന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി, മറ്റൊരുരിടത്ത് ലാൻഡ് ചെയ്യിപ്പിക്കുന്നതായിരുന്നു പരീക്ഷണം. ഇത് വിജയിച്ചതോടെ പിറക്കുന്നത് ബഹിരാകാശ ഗവേഷണത്തിലെ അനന്ത സാധ്യതകളാണ്.
ഈ ദൗത്യം നടപ്പാക്കുന്നത് സംബന്ധിച്ച് സമയക്രമം ഒന്നും തന്നെ നിലവിൽ നിശ്ചയിച്ചിട്ടില്ലെന്നും എന്നാൽ മടങ്ങിയെത്തുന്ന തരത്തിലുള്ള സംവിധാനത്തെ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹോപ്പ് പരീക്ഷണം പദ്ധതിയുടെ പ്രാരംഭ നടപടിയായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലത്തിന്റെയും മറ്റ് വിഭവങ്ങളുടെയും സാന്നിധ്യം കണ്ടെത്തുന്നതിനായി ജപ്പാനുമായി സഹകരിച്ച് ലൂണാർ പോളാർ എക്‌സ്‌പ്ലോറേഷൻ (LUPEX) പദ്ധതി പണിപ്പുരയിലാണ്.
സെപ്റ്റംബർ മൂന്നിനാണ് ലോകത്തെ തന്നെ ഞെട്ടിച്ച ആ പരീക്ഷണം നടന്നത്. വിക്രം വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്തി എന്ന തലക്കെട്ടോടെ ഇസ്രോ പുറത്തുവിട്ട വാർത്ത ലോകം ഏറ്റെടുത്തു. ലാൻഡറിന്റെ എഞ്ചിനുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ച് 40 സെന്റി മീറ്ററോളം ഉയരത്തിൽ കുതിച്ച് പൊങ്ങി സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഇതിന് ശേഷവും ഉപകരണങ്ങൾ പ്രവർത്തനക്ഷമമായിരുന്നുവെന്നതും നേട്ടമാണ്.