ഭർതൃമാതാവിന് ജോലിയുണ്ടെങ്കിൽ സ്ത്രീകൾ ജോലി തേടാനുള്ള സാദ്ധ്യത കൂടുതലെന്ന് പുതിയ പഠനം. അസിം പ്രേംജി സർവകാലാശാല പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2023’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭർതൃമാതാവ് ജോലി ചെയ്യുന്ന നഗരങ്ങളിൽ മരുമക്കൾ ജോലി ചെയ്യാനുള്ള സാധ്യത 70 ശതമാനം കൂടുതലാണ്. ഗ്രാമീണ മേഖലകളിലാണെങ്കിൽ ഇത് 50 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
ഭർതൃമാതാവിന് ജോലിയുണ്ടെങ്കിൽ അവർ മരുമക്കളെ ജോലിക്കു വിടാൻ പ്രേരിപ്പിക്കും. ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൊറോണ മഹാമാരി കാലത്ത് കൂടുതൽ സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് വന്നതായും പഠനത്തിൽ പറയുന്നു.കൊറോണയ്‌ക്ക് മുൻപ് 50 ശതമാനം സ്ത്രീകളായിരുന്നു ജോലി ചെയ്തിരുന്നതെങ്കിൽ മഹാമാരിക്ക് ശേഷം അത് 60 ശതമാനമായി വർദ്ധിച്ചു. ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.















