ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ആദ്യത്തെ ദൗത്യത്തിനാണ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. നാസയുടെ ഒസിരിസ്-റെക്സ് എന്ന പേടകത്തിൽ നിന്നാണ് വമ്പൻ ക്യാപ്‌സ്യൂൾ യൂട്ടോ മരുഭൂമിയിൽ പതിച്ചത്. 1.2 ബില്യൺ മൈൽ ദൂരത്തെ യാത്രക്കൊടുവിൽ സാമ്പിളുകളെത്തിയത്തോടെ നാസയുടെ സുപ്രധാന ദൗത്യത്തിന് പര്യവസാനമായി. ദൗത്യം അവസാനിച്ചെങ്കിലും ഇനിയാണ് പുതിയ വിവരങ്ങൾ ലോകമറിയുക.
വരുന്ന 159 വർഷങ്ങൾക്ക് ശേഷം ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാനെത്തുന്ന വില്ലനാണ് ബെന്നുവെന്ന ഛിന്നഗ്രഹം. ബെന്നുവെന്ന കക്ഷി ഓരോ ആറ് വർഷം കൂടുമ്പോഴും ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ നിർണായക കണ്ടെത്തലിനെ തുടർന്ന് ഭൂമിയെ രക്ഷിക്കാനായണ് നാസ ഒസിരിസ്-റെക്സ് എന്ന പേടകത്തെ അയച്ചത്. ദൗത്യത്തിന്റെ ലക്ഷ്യം ഭൂമിയെ രക്ഷിക്കുക എന്നതാണെങ്കിലും മനുഷ്യന് കണ്ടെത്താൻ കഴിയാതിരുന്ന പലതും ദൗത്യത്തിലൂടെ പുറംലോകമറിയുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന വിവരം. ബെന്നുവിൽ നിന്നെടുത്ത മണ്ണും കല്ലും പഠിക്കുന്നതോടെ ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തെ തന്നെ പഠിക്കാൻ കഴിയും. ആദ്യകാലത്ത് സൗരയൂഥം എപ്രകാരമായിരുന്നുവെന്നും സൗരയൂഥത്തിന്റെ പരിണാമങ്ങളെ കുറിച്ചുമുള്ള പരമപ്രധാനമായ കാര്യങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടും. ഇത് മനുഷ്യന്റെ പിറവിയുടെ ചരിത്രത്തിലേക്ക് തന്നെയുള്ള ജാലകമാകും.
യൂട്ടോ മരുഭൂമിയിൽ പതിച്ച ഭീമാകാരനായ സാമ്പിളിനുള്ളിലാണ് പ്രധാന ഭാഗമിരിക്കുന്നത്. പ്രത്യേക ഉപകരണത്തിൽ അടച്ചാണ് മണ്ണും മറ്റും സൂക്ഷിച്ചിരിക്കുന്നത്. ഇതിന് പുറത്ത് വിവിധ തരത്തിലുള്ള പാളികളുണ്ട്.ഈ പാളികൾ നീക്കം ചെയ്ത് സാമ്പിളിനെ നൈട്രജൻ ശുദ്ധീകരണത്തിന് വിധേയമാക്കും. തുടർന്ന് ടെക്‌സാസിലെ ബഹിരാകാശ കേന്ദ്രത്തിലാകും കാനിസ്റ്റർ എന്ന സാമ്പിൾ അടങ്ങിയ പെട്ടി പൊട്ടിക്കുക. തുടർന്ന് ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തുകയും നിർണായക കണ്ടെത്തലുകൾ നടത്തുകയും ചെയ്യും.
250 കിലോഗ്രാമോളം ഭാരമുള്ള സാമ്പിളാണ് ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ചത്. ഏകദേശം 4.5 ബില്യൺ വർഷം പഴക്കമുള്ള വസ്തുക്കളാണ് ബെന്നുവിലുള്ളതെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് സൗരയൂഥത്തിന്റെ ആദ്യകാലത്തെ ഘടകങ്ങളാകും ഇതെന്ന് ശാസ്ത്ര ലോകം അനുമാനിക്കാൻ കാരണം. ഇത് സംബന്ധിച്ചുള്ള പഠനമാകും പ്രധാനമായും നടക്കുക. സാമ്പിൾ ഭൂമിയിലെത്തിച്ചെങ്കിലും പ്രധാന പേടകം ഇപ്പോഴും ബെന്നുവിന്റെ ഉപതിതലത്തിൽ തന്നെയുണ്ട്. പ്രൊപ്പൽഷൻ സംവിധാനം നിലവിൽ പ്രവർത്തനക്ഷമമാണെന്നും എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവർത്തിക്കുന്നതായും നാസ അറിയിച്ചു. ഇതും ഏറെ പ്രതീക്ഷ നൽകുന്നതാണ്.















