ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ എഫ്‌സിആര്‍എയുടെ കീഴിലുള്ള എന്‍ജിഒകള്‍ വിദേശ സംഭവന വഴി ആര്‍ജിച്ച സ്ഥാവര ജംഗമ സ്വത്തുക്കള്‍ പ്രഖ്യാപിക്കണം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പുറത്തിറക്കിയ വിജ്ഞാപനത്തിനൊപ്പം ഇതിനായുള്ള ഫോമും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് പട്ടികകളാണ് പുതിയ ഫോമിലുള്ളത്.
എന്‍ജിഒകള്‍ ജംഗമ ആസ്തികളുടെ വിശദാംശങ്ങള്‍, നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അവയുടെ മൂല്യം, സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ചതും വിനിയോഗിച്ചതുമായ ആസ്തികളുടെ മൂല്യം, വര്‍ഷാവസാനത്തെ ബാലന്‍സ് ഷീറ്റ് പ്രകാരമുള്ള അവയുടെ മൂല്യം എന്നിവയാണ് ആദ്യത്തെ പട്ടികയ്‌ക്ക് കീഴില്‍ രേഖപ്പെടുത്തേണ്ടത്.
എന്‍ജിഒകള്‍ ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെ വിദേശ സംഭാവനകളില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിശദാംശങ്ങള്‍, മൂല്യം എന്നിവയാണ് സ്ഥാവര ആസ്തികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. നിലവിലെ ഫോം 4-ല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പുതിയ അസറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പട്ടിക മാത്രമേ ഉള്‍പ്പെടുത്തിയിരുന്നൊള്ളു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.
അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്‌സിആര്‍എ വെബ്സൈറ്റ് പ്രകാരം, 16,666 എന്‍ജിയോകളും എഫ്‌സിആര്‍എ ലൈസന്‍സുള്ള അസോസിയേഷനുകളും സെപ്റ്റംബര്‍ 25 വരെ സജീവമായിരുന്നു, എന്നാല്‍ 13,282 സ്ഥാപനങ്ങളുടെ എഫ്സിആര്‍എ ലൈസന്‍സ് കാലഹരണപ്പെട്ടതായും വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി 20,694 എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.















