തിയേറ്ററുകളിൽ ഓണം പൊടിപൊടിച്ച ചിത്രമാണ് ആർഡിഎക്സ്. തിയേറ്ററുകളിൽ ഗംഭീരപ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടിയിലും തിളങ്ങുകയാണ്. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി കഴിഞ്ഞു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്. 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു കഴിഞ്ഞു.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറ്റവും മികച്ചതായിരുന്നു. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്. റോബർട്ട്, ഡോണി സഹോദരങ്ങളായി ഷെയ്നും ആന്റണി വർഗീസ് പെപ്പെയും എത്തിയപ്പോൾ അവരുടെ കൂട്ടുകാരൻ സേവ്യറായി എത്തിയത് നീരജ് മാധവായിരുന്നു. ഇടിയുടെ പൊടിപ്പൂരം കാഴ്ചവയ്ക്കുന്ന ക്ലൈമാക്സ് സീനുകളും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മറക്കാനാവില്ല. എന്നാൽ പലപ്പോഴും സിനിമയിലെ അണിയറയിൽ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകർ വെെകിയാണ് അറിയുന്നത്. ഇപ്പോൾ പുറത്തുവരുന്നത് ആക്ഷൻ രംഗങ്ങള്‍ക്കിടയിൽ നടൻ നീരജ് മാധവിന് കാലിന് പരുക്ക് പറ്റിയ വിവരമാണ്.
നീരജ് തന്നെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ആർ ഡി എക്സ്’ ക്ലൈമാക്സ് ഷൂട്ടിനിടയിൽ കാലിന് പരുക്കു പറ്റിയതിന്റെയും അതിനെ റിക്കവർ ചെയ്തതിന്റെയും ഓർമയാണ് നീരജ് വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. നിൽക്കുന്നിടത്ത് ഫോം പാഡ്സ് വെച്ചിട്ടുണ്ട്. അതില്‍ കാൽ സ്റ്റക്കായി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ടു, അപ്പോൾ തന്നെ ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും വരെചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്,’’ എന്നാണ് നീരജ് പറയുന്നത്. കാലിന്റെ കുഴ തെറ്റിയ നീരജ് വേദനയും നീരും മൂലം കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ടോം ആഷ്ലി എന്ന ഫിസിയോതെറാപ്പിസ്റ്റിന്റെ ട്രീറ്റ്മെന്റിൽ പരുക്കിനെയെല്ലാം കഷ്ടപ്പെട്ട് അതിജീവിക്കുകയായിരുന്നു നീരജ്.
View this post on Instagram
“നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് എന്തും അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും പരിഹസിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി… അതെന്റെ ആഗ്രഹങ്ങൾക്ക് കരുത്ത് കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കിൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കാൻ പ്രപഞ്ചം മുഴുവൻ ഉണ്ടാകും. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. അതിന് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, കൂടുതൽ മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി. ” വീഡിയോ ഷെയർ ചെയ്ത് നീരജ് കുറിക്കുന്നു.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രം മൂന്ന് കൂട്ടുകാരുടെ കഥയാണ് പറയുന്നത്. ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്സില്‍ നായകൻമാരായ കൂട്ടുകാരായെത്തി. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.