ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപം ദേശീയ പുഷ്പമായ താമരയുടെ ആകൃതിയിയിൽ ജലരധാര നിർമ്മിക്കാൻ പദ്ധതിയിട്ട് ഉത്തർപ്രദേശ് സർക്കാർ. ഒരേ സമയം 25,000 പേർക്ക് കാണാൻ കഴിയും വിധമാണ് ജലധാര നിർമ്മിക്കുന്നത്. ഏകദേശം 100 കോടി രൂപയാണ് പദ്ധതിയ്‌ക്ക് ചെലവാകുന്ന തുക.
ഗുപ്തർ ഘട്ടിന് സമീപം താമരപ്പൂവിന്റെ ആകൃതിയിലാണ് ജലധാര നിർമ്മിക്കുന്നത്. ജലധാരയിൽ നിന്നുള്ള വെള്ളം ഏകദേശം 50 മീറ്റർ ഉയരത്തിൽ എത്തുന്ന രീതിയിലായിരിക്കും നിർമ്മിക്കുക. പദ്ധതിക്കായി അയോദ്ധ്യയിൽ ഭൂമി കണ്ടെത്തിയതായാണ് വിവരം. ലേല നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഏകദേശം 1.5 കിലോമീറ്റർ പരിധിയിലാകും ജലധാര.
ഹൈന്ദവ പുരാണത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യ നദികളോട് ഉള്ള ആദര സൂചകമായിട്ടാണ് ഏഴ് ദളങ്ങൾ ഉൾപ്പെടുന്ന താമര ആകൃതിയിൽ ജലധാര രൂപ കല്പന ചെയ്യുന്നത്. ഏഴ് ദളങ്ങൾ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവാണെന്നുമാണ് റിപ്പോർട്ടുകൾ. ഗംഗ, യമുന, സരസ്വതി, സിന്ധു, നർമ്മദ, ഗോദാവരി, കാവേരി എന്നീ ഏഴ് നദികളെയാണ് ദളങ്ങൾ സൂചിപ്പിക്കുന്നത്.