ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ജനുവരി 22-ന് നടത്തുമെന്ന് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര. ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധയിലെത്തുമെന്നാണ് വിവരം. അന്തിമ തീയതി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ താഴെത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മിശ്ര അറിയിച്ചു. രാം ലല്ലയുടെ പ്രതിഷ്ഠ മഹോത്സവം 22-നാകും നടക്കുക. 24 മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും.
മേൽക്കൂരയുടെ നിർമ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികൾ എത്തുന്നതിനായി ‘ശിഖർ’ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയിൽ പതിക്കും. എല്ലാ വർഷവും രാമനവമി ദിനത്തിൽ ഉച്ചയ്‌ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയിൽ സൂര്യകിരണങ്ങൾ പതിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്യുന്നത്.