അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന കഥാപാത്രമായി വേഷമിട്ട ചിത്രമായിരുന്നു ‘ഞാനും പിന്നെ ഞാനും’. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും രാജസേനൻ തന്നെ. വ്യത്യസ്തമായ പ്രചാരണമാണ് സിനിമയ്ക്ക് വേണ്ടി സംവിധായകൻ നടത്തിയത്. എന്നാൽ, മോശം അഭിപ്രായം ലഭിച്ച സിനിമയെ പ്രേക്ഷകർ കൈവിടുകയായിരുന്നു. അധികം വൈകാതെ സിനിമ ഒടിടിയിലും എത്തി. ഒടിടി റിലീസോടെ ട്രോളന്മാരുടെ പ്രധാന ഇരയായും രാജസേനൻ മാറി. ഇപ്പോഴിതാ, സിനിമ ഒടിടിയിൽ കാണണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസേനൻ.
‘എനിക്ക് രണ്ട് അഭ്യർത്ഥനകളുണ്ട്. ഒന്ന്, ഞാനും പിന്നെ ഞാനും എന്ന സിനിമ ഒടിടിയിൽ നിന്നു തന്നെ കാണണം. അത് കട്ടുകാണുന്ന വലിയ ഒരു വിഭാഗം ഉണ്ട്. ഒരു ലക്ഷം പേരിലധികമാണ് സിനിമ കട്ടു കണ്ടത്. ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു. പറ്റുവെങ്കിൽ ഒടിടിയിൽ തന്നെ കാണണം. വെറും 200 രൂപയല്ലേ ഉള്ളൂ. അത് എങ്കിലും ചിലവാക്കി കൂടെ. രണ്ട്, എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്. വല്ലപ്പോഴുമൊക്കെ എല്ലാവരും അങ്ങോട്ട് ഒന്ന് ഇറങ്ങണം. സിനിമ ഇല്ലാതിരുന്ന കാലത്ത് പച്ചരി കഴിച്ചത് അതുകൊണ്ടാണ്’- രാജസേനൻ പറഞ്ഞു.
ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി സ്ത്രീവേഷത്തിലാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി രാജസേനൻ തിയറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഒരു ക്യാരക്ടറിന്റെ വേഷമായിരുന്നു അദ്ദേഹം ധരിച്ചത്. തിയറ്ററിൽ മാത്രമല്ല, സിനിമ ഒടിടിയിൽ എത്തിയതോടെ ഈ സ്ത്രീ വേഷം തന്നെ ട്രോളുകളിലും നിറഞ്ഞു. രാജസേനന്റെ അഭിനയവും വേഷവും സംഭാഷണങ്ങളുമെല്ലാം ട്രോളന്മാർ ആഘോഷമാക്കുകയായിരുന്നു.