ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്തെ ഐഎസ്ആർഒ. റോക്കറ്റ് വിക്ഷേപണങ്ങൾ, ക്വിസ്, ബഹിരാകാശ സംബന്ധമായ തീമുകളുമായി ബന്ധപ്പെട്ട ശിൽപ്പങ്ങൾ, പൊതുജന സമ്പർക്കപരിപാടികൾ എന്നിവയാകും ഈ വർഷത്തെ ലോക ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുക. ഇവയ്ക്ക് ഐഎസ്ആർഒയുടെ തിരുവനന്തപുരം യൂണിറ്റുകൾ ആതിഥേയത്വം വഹിക്കും.
1957 ഒക്ടോബർ നാലിനാണ് ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം നടക്കുന്നത്. 1967 ഒക്ടോബർ 10-ന് ബഹിരാകാശ ഉടമ്പടിയും പ്രാബല്യത്തിൽ വന്നു. ഇതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഒക്ടോബർ നാല് മുതൽ പത്ത് വരെ ലോകമെമ്പാടും ലോക ബഹിരാകാശ വാരാഘോഷം നടത്തുന്നത്. ലോക ബഹിരാകാശ വാരാഘോഷം 2023-ന്റെ തീം സ്പേസ് ആൻഡ് എന്റർപ്രണർഷിപ്പ് എന്നാണ്.
വിക്രം സാരാഭായ് സ്പേസ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ ഏഴിന് 55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒരു സിറ്റിസൺ ഫാമിലിയറൈസേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാകും. കൂടാതെ ബഹിരാകാശ മ്യൂസിയം സന്ദർശിക്കാനും ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുളള അവസരം ലഭിക്കും.















