വാഷിംഗ്ടൺ: ആധുനിക ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിന്റെ ശിൽപിയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്ന് അമേരിക്കൻ സർക്കാർ പ്രതിനിധി റിച്ചാർഡ് വെർമ. അസാമാന്യ കഴിവുള്ള നേതാവാണ് വിദേശകാര്യമന്ത്രിയെന്നും അദ്ദേഹത്തിന്റെ നേതൃത്വം കൊണ്ടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉയരങ്ങളിലെത്തിയതെന്നും അദ്ദേഹം പ്രശംസിച്ചു.
വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെ കീഴിൽ തന്ത്രപരമായ ബന്ധം ദൃഢപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും വെർമ പ്രകടിപ്പിച്ചു. നിരവധി വിഷയങ്ങളിൽ ശക്തമായ മറുപടികൾ നൽകുകയും ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമാകാൻ അദ്ദേഹത്തിന് കഴിഞ്ഞതായും പ്രതിനിധി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുകയും അതിൽ വിജയം കാണുകയും ചെയ്ത ഒരു നേതാവിനൊപ്പം വേദി പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ വംശജനാണ് റിച്ചാർഡ് വെർമ. അമേരിക്കൻ മാനേജ്‌മെന്റ് ആന്റ് റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ സേവനമനുഷ്ഠിക്കുകയാണ് റിച്ചാർഡ്.
ശക്തമായ ഉഭയകക്ഷി ബന്ധം കൊട്ടിപ്പെടുത്തുന്നതിൽ ഇരുരാജ്യങ്ങളിലെയും പൗരന്മാർ
തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും എസ് ജയ്ശങ്കർ പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന കളേഴ്‌സ് ഓഫ് ഫ്രണ്ട്ഷിപ്പ് പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് പരിപാടിയുടെ ഭാഗമായത്. ഇന്ത്യൻ- അമേരിക്കൻ ജനങ്ങൾ യുഎസ് ഭരണത്തിലുടനീളം പ്രമുഖ സ്ഥാനങ്ങളിലാണെന്നും അഭിമാനകരമായ കാര്യമാണ് അതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.