കണ്ടക്ടറിൽ നിന്നും ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനെയും പിന്നിലാക്കി ലോകമെങ്ങും’തലൈവർ’ക്ക് ആരാധകരുണ്ട്. നടിപ്പിലും നടപ്പിലും എടുപ്പിലും തന്റേതായ ഒരു സിഗ്നേച്ചർ സ്റ്റൈൽ കൊണ്ടു വരുന്നത് രജനി ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നു. രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും ഈ മാനറിസങ്ങളാണ്. ആക്ഷൻ രംഗങ്ങളിലെ ചടുലതയും പാട്ടു സീനുകളിലെ വേറിട്ട ഡാൻസ് സ്റ്റെപ്പുകളും രജനീകാന്തിന്റെ പ്രത്യേകതകളാണ്.
എന്നാൽ തെന്നിന്ത്യയുടെ ഈ സൂപ്പർ സ്റ്റാറിന് താര ജാഡകളില്ല. മാത്രമല്ല സ്ക്രീനിൽ എത്തുന്ന ആളല്ല സ്ക്രീനിന് പുറത്തെ രജനികാന്ത്. മേക്കപ്പോ ആർഭാടകരമായ ജീവിതമോ നയിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് അദ്ദേഹം. ഈ സമയങ്ങളിൽ ഇത് രജനികാന്ത് ആണോ എന്ന് ആരാധകർക്ക് ഉറപ്പിക്കണമെങ്കിൽ പലവട്ടം നോക്കേണ്ടി വരും.. സാധാരണയായി എല്ലാ സിനിമയുടെയും റിലീസിന് മുന്നോടിയായി ഒരു ആത്മീയ യാത്രയുണ്ട്. പലപ്പോഴും ഹിമാലയത്തിലേക്കാണ് ആ യാത്ര. തന്റെ പുതിയ സിനിമ വിജയമായാലും പരാജയമായാലും രജനി അവിടെ ആകും സമയം ചെലവഴിക്കുക. ജയിലർ എന്ന മെഗാ ഹിറ്റ് സിനിമയുടെ റിലീസിന് മുന്നോടിയായും രജനി ഹിമാലയത്തിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ആ യാത്രയിക്കിടെ ക്ഷേത്രത്തിൽ വെച്ചുണ്ടായ ഒരു സംഭവമാണ് വാർത്തയാകുന്നത്.
മുമ്പൊരിക്കൽ ഇതുപോലെ ഒരു യാത്ര വേളയിൽ മേക്കപ്പോ, താര പരിവേഷമോ, പരിചാരകരോയില്ലാതെ ഒരു ക്ഷേത്ര സന്നിധിയിലെ തൂണിന് സമീപം ഇരിക്കുകയായിരുന്നു രജനികാന്ത്. ഈ സമയത്ത് രജനികാന്തിനെ കണ്ടൊരു സ്ത്രി യാചകനാണെന്ന് തെറ്റിദ്ധരിക്കുകയുണ്ടായി. തുടർന്ന് രജനികാന്തിന്റെ അടുത്തെത്തിയ സ്ത്രീ അദ്ദേഹത്തിന് 10 രൂപ ഭിക്ഷയായി നൽകുകയും ചെയ്തു. എന്നാൽ ആ പത്ത് രൂപ തിരിച്ചു നൽകാതെ കോപിക്കാതെ പുഞ്ചിരിച്ച് കൊണ്ട് രജനികാന്ത് അത് സ്വീകരിച്ചു. തുടർന്ന് അൽപ സമയം കൂടി ക്ഷേത്ര സന്നിധിയിലിരുന്ന ശേഷം അദ്ദേഹം തന്റെ കാറിനരികിലേക്ക് പോയി. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം സ്ത്രീക്ക് മനസിലായത്.
പിന്നാലെ ആളെ തിരിച്ചറിഞ്ഞ സ്ത്രി രജനികാന്തിന് അടുത്തേക്ക് പോയി മാപ്പ് പറയുകയും ചെയ്തു. എന്നാൽ അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് രജനി ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവങ്ങളെല്ലാം നേരിൽ കണ്ട ഒരു യുവതിയാണ് സംഭവം പുറംലോകത്ത് അറിയിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും വിനയത്തോടെ രജനികാന്തിന് മാത്രമേ സംസാരിക്കാൻ സാധിക്കൂ എന്നാണ് ദൃക്സാക്ഷിയായ യുവതി പറഞ്ഞത്. ആ സംഭവത്തെ കറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഒട്ടും പരിഭവം ഇല്ലെന്നാണ് അന്ന് രജനികാന്ത് മറുപടി നൽകിയത്. സൂപ്പര്‍ താരമാണെന്ന അഹങ്കാരം പാടില്ലെന്നും താന്‍ ചെറിയൊരു മനുഷ്യന്‍ മാത്രമാണെന്നുള്ള തിരിച്ചറിവ് ദൈവം നൽകിയതാണെന്നും രജനികാന്ത് പറഞ്ഞു.