അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആയിരുന്നു ചന്ദ്രനിൽ ആദ്യമായി മനുഷ്യനെ ഇറക്കിയത്. അരനൂറ്റാണ്ടിന് മുൻപായിരുന്നു ഈ മഹാസംഭവം. വർഷങ്ങൾക്കിപ്പുറം, സാധാരണക്കാരനും ബഹിരാകാശ യാത്രികർക്കും ഉപയോഗപ്രദമാകും വിധം ചന്ദ്രനിൽ വീട് നിർമ്മിക്കാനൊരുങ്ങുകയാണ് നാസ ശാസ്ത്രജ്ഞർ. 2040-ഓടെ ഇത് യാഥാർത്ഥ്യമാകുമെന്നാണ് വിവരം. 3D റോബോട്ടിക്‌സ് പോലെയുള്ള നൂതന സംവിധാനങ്ങളും മറ്റും ഉപയോഗിക്കുന്ന നിർമ്മാണ കമ്പനിയായ ഐക്കണിന്റെ സഹായത്തോടെയാണ് നാസ ചന്ദ്രനിലെ വീട് പദ്ധതിയിടുന്നത്.
സർവകലാശാലകളെയും സ്വകാര്യ കമ്പനികളെയും പങ്കാളിയാക്കും. 3ഡി മാതൃകയിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്ന ഐക്കൺ കമ്പനി പദ്ധതിയുടെ നട്ടെല്ലാകും. ചന്ദ്രോപരിതലത്തിൽ കാണുന്ന പാറ കഷ്ണങ്ങൾ, ധാതു ലവണങ്ങൾ, പൊടി എന്നിവ ഉപയോഗിച്ച് 3-ഡി പ്രിന്റർ മുഖേന കെട്ടിടത്തിന്റെ ഘടനകൾ പാളികളായി നിർമ്മിക്കാനാണ് പദ്ധതി. ബഹിരാകാശത്തെ റേഡിയേഷൻ ഘടന മനസിലാക്കുന്നതിനും ഉപരിതലത്തിലെ പൊടിപടലങ്ങൾ കോൺക്രീറ്റിന് സമാനമായ പദാർത്ഥം സൃഷ്ടിക്കുമോയെന്നും പഠനം നടത്തുന്നതിനായി ഫെബ്രുവരിയിൽ ഐക്കണിന്റെ പ്രിന്റർ നാസയുടെ മാർഷൽ സ്‌പേസ് സെന്ററിൽ പരീക്ഷിക്കും. ചന്ദ്രോപരിതലത്തിലെ പൊടി വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയയ്‌ക്കുന്ന ആർട്ടെമിസ് 2 ദൗത്യം 2024-ൽ ഉണ്ടാകുമെന്നാണ് നാസ പറയുന്നത്. 2026-ഓടെ ആർട്ടെമിസ്-3 ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നും സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ സഹായത്തോടെ മനുഷ്യനെ തിരികെ കൊണ്ടുവരാനുമാണ് പദ്ധതിയിടുന്നത്.
1972 ഡിസംബർ ഏഴിന് നാസ അയച്ച അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ ഏഴിനാണ് മൂന്ന് യാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഡിസംബർ 11-ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന മേഖലയിൽ ഇറങ്ങി. മൂന്ന് ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ട് യാത്രികർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. അഗ്നിപർവതങ്ങളെ കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25 സെന്റിമീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചുവപ്പ് നിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. സമീപ വർഷങ്ങളായി ആഗോള തലത്തിൽ ചാന്ദ്ര പര്യവേക്ഷണത്തിന് വലിയ പരിഗണനയാണ് നൽകുന്നത്.















