ഒരാളുടെ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ അനുവദിക്കുന്ന ഓൺലൈൻ ഡോക്യുമെന്റ് സ്‌റ്റോറേജ് ആന്റ് ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജി ലോക്കർ.20 കോടി ഡിജിലോക്കർ ഉപയോക്താക്കളെന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. 2015-ലാണ് കേന്ദ്ര സർക്കാർ ഡിജിലോക്കർ സൗകര്യം ആരംഭിച്ചത്. ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയ്‌നിന് കീഴിൽ വിവിധ സർക്കാർ സേവനങ്ങൾക്ക് പേപ്പർ രഹിതവും തടസമില്ലാത്തതുമായ അനുഭവം നൽകാൻ ഡിജി ലോക്കറിന് കഴിയും.
✅ Here are the services on #DigiLocker that have received a big thumbs up👍 from citizens!
Today, DigiLocker achieved the milestone of 2️⃣0️⃣ Crore Registered Users. ✨#20CrOnDigiLocker #DigitalIndia @digilocker_ind pic.twitter.com/URy3fTMllA
— Digital India (@_DigitalIndia) October 3, 2023
പേപ്പർ രഹിതമായ സംവിധാനം ആയതിനാൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നില്ലെന്നത് ഡിജിലോക്കറിന്റെ പ്രത്യേകതയാണ്. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും ഈ സംവിധാനം അനുവദിക്കുന്നു. ഡിജിലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ നശിക്കുമെന്ന ഭയം വേണ്ട. ഏതെങ്കിലും തരത്തിൽ രേഖകൾ നഷ്ടമായാൽ ബാക്കപ്പിൽ നിന്ന് തിരികെ എടുക്കാനുള്ള അവസരവുമുണ്ട്. ഡിജിറ്റൽ ഒപ്പും ഈ സംവിധാനത്തിലുണ്ട്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ആർക്കും ഡിജിലോക്കറിൽ അക്കൗണ്ട് എടുക്കാവുന്നതാണ്. ആധാറും മൊബൈൽ നമ്പറും ലിങ്ക് ചെയ്യണമെന്ന് മാത്രം.
ഡിജിലോക്കർ അക്കൗണ്ട് എങ്ങനെ ആരംഭിക്കണം?
DigiLocker വെബ്‌സൈറ്റായ https://digilocker.gov.in/ സന്ദർശിക്കുക. രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് “സൈൻ അപ്പ്” അല്ലെങ്കിൽ “രജിസ്റ്റർ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് മൊബൈൽ നമ്പർ നൽകുക. പരിശോധിച്ചുറപ്പിക്കുന്നതിനായി നൽകിയിരിക്കുന്ന നമ്പറിൽ OTP ലഭിക്കും. OTP നൽകി User Name-ഉം പാസ്‌വേഡും സൃഷ്‌ടിക്കുക.
ആധാർ നമ്പർ ഉപയോഗിച്ചോ മൊബൈൽ നമ്പർ ഉപയോഗിച്ചോ ഡിജിലോക്കർ അക്കൗണ്ട് ലിങ്ക് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങൾക്ക് ഡിജിലോക്കർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും.
ഡിജിലോക്കർ അക്കൗണ്ടിൽ രേഖകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാം?
ആധാർ കാർഡ് ലിങ്ക് ചെയ്യാൻ
ഡിജിലോക്കറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ, ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ ആധാർ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കുന്ന OTP ഉപയോഗിച്ച് ഉറപ്പുവരുത്തുക.
പാൻ കാർഡ് ലിങ്ക് ചെയ്യാൻ
ഡിജിലോക്കറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ, ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ പാൻ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. പാൻ നമ്പറും ജനന തീയതിയും നൽകുക. തുടർന്ന് പാൻ കാർഡ് ലിങ്ക് ചെയ്യാൻ “സേവ്” ക്ലിക്ക് ചെയ്യുക.
മറ്റ് പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യാൻ
ഡ്രൈവിംഗ് ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് ഡോക്യുമെന്റുകൾ എന്നിവ പോലുള്ള മറ്റ് പ്രധാന ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യാൻ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “അപ്‌ലോഡ്” ബട്ടണിൽ ക്ലിക്ക് ചെയ്യുക. പിഡിഎഫ്, ജെപിജി അല്ലെങ്കിൽ പിഎൻജി ഫോർമാറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യാം. നിങ്ങൾ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അവ ഡിജിലോക്കർ അക്കൗണ്ടിൽ സംരക്ഷിക്കപ്പെടും.